ഗൂഡല്ലൂർ : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രങ്ങളിൽ മഹാനവമി പൂജ വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ച വിജയദശമിദിനത്തിൽ എഴുത്തിനിരുത്തൽ ചടങ്ങുകളും നടത്തും. ക്ഷേത്രങ്ങളിൽ ഭക്തരുടെ എണ്ണംകുറച്ചാണ് ചടങ്ങുകൾ നടത്താൻ അനുമതിയുള്ളതെന്നതിനാൽ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാമ്മാത്തി ചിന്താമണി വാഗീശ്വരി മൂകാംബികാക്ഷേത്രത്തിൽ ദുർഗാഷ്ടമി ദിനത്തിൽ നടത്തിയ വിവിധ ചടങ്ങുകൾക്കും പരിപാടികൾക്കും മാതാ അഞ്ജനാമ്മദേവി നേതൃത്വം നൽകി.

വിവിധ പൂജകൾ, സത്സംഗം, പ്രാർഥന എന്നിവ നടത്തി. ശ്രീകോവിലിന് പുറത്തെഴുന്നള്ളിച്ചിരുത്തിയ ദേവീവിഗ്രഹത്തിൽ ഭക്തർക്കുതന്നെ പൂജ നടത്താനുള്ള സൗകര്യം വ്യാഴാഴ്ചകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനപൂജയും ആയുധപൂജയും നടക്കും. വെള്ളിയാഴ്ച രാവിലെ മുതൽ കുട്ടികളെ എഴുത്തിനിരുത്തും. നമ്പർ: 9489470217, 7639449333.

വിനായകർ കോവിൽ, ചെവിടിപ്പെട്ട മുനീശ്വരൻ കോവിൽ, കല്ലിങ്കര ശിവക്ഷേത്രം, ചെവിടിപേട്ട മുനീശ്വരൻ കോവിൽ, അഖില ഉലഗ ഐക്യസേവാക്ഷേത്രം, ശിവൻകോവിൽ എന്നിവിടങ്ങളിലും വിവിധ പരിപാടികളും ചടങ്ങുകളും ദുർഗാഷ്ടമി ദിവസം നടത്തി. ബുധനാഴ്ച ഇവിടങ്ങളിൽ ആയുധപൂജകളും വാഹനപൂജയും നടത്തും.

പനമരം : ചീക്കല്ലൂർ പൊങ്ങിനി പരദേവതാ ഭദ്രകാളി പുള്ളിമാലമ്മക്ഷേത്രത്തിൽ 13-ന് വൈകുന്നേരം അഞ്ചുമുതൽ ഗ്രന്ഥപൂജ, 14-ന് മഹാനവമി സരസ്വതിപൂജ, 15-ന് രാവിലെ 8.30 മുതൽ വിദ്യാരംഭം, വാഹനപൂജ, സനാതന ധർമപാഠശാല ഉദ്ഘാടനം. വിദ്യാരംഭം ചടങ്ങിൽ ഡോ. സഞ്ജീവ് വാസുദേവ്, അഡ്വ. എം.ഡി. വെങ്കിടസുബ്രഹ്മണ്യൻ, റിട്ട. പ്രധാനാധ്യാപകരായ പി.ആർ. പത്മനാഭൻ ആനേരി, സി. രാജഗോപാലൻ ചീക്കല്ലൂർ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും.

കേണിച്ചിറ : ജില്ലയിലെ ഏക സരസ്വതിക്ഷേത്രമായ പൂതാടി മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷിക്കും. വ്യാഴാഴ്ചരാവിലെ 9.30-ന് വലിയവട്ടളം ഗുരുസി, ഗ്രന്ഥപൂജ. വെള്ളിയാഴ്ച രാവിലെ ആറുമുതൽ വാഹനപൂജ ഒമ്പതുമുതൽ വിദ്യാരംഭം. ഈശ്വരൻ നമ്പൂതിരി, പ്രസാദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.