പേര്യ : ഏലപ്പീടികയിൽ ഇക്കോ ടൂറിസത്തിന് സാധ്യത തെളിയുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി തയ്യാറാക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ സംസ്ഥാന ടൂറിസം ഡയറക്ടർ കണ്ണൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. ഏലപ്പീടികയുടെ ഇക്കോടൂറിസം സാധ്യതയെക്കുറിച്ച് മുമ്പ് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. കണിച്ചാർ ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ ഇടപെടലിനെത്തുടർന്നാണ് ടൂറിസം വകുപ്പിന്റെ നടപടി.

വയനാടിന്റെ അതിർത്തിയോടുചേർന്നുള്ള കണിച്ചാർ, കേളകം പഞ്ചായത്തു പരിധികളിലായി വരുന്ന ഏലപ്പീടികയിലെ വിവിധ സ്ഥലങ്ങളെ കോർത്തിണക്കിയാണ് ടൂറിസം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഏലപ്പീടിക കുരിശുമല, കണ്ടംതോട് പുൽമേട്, തമ്പുരാന്മല, 29-ാം മൈൽ വെള്ളച്ചാട്ടം, ഉപേക്ഷിച്ച ക്രഷറിനു സമീപമുള്ള പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളാകും പദ്ധതിയിൽ ഉൾപ്പെടുത്തുക. ഏലപ്പീടികയുടെ മനോഹാരിത ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. മൂന്നുവശവും മഞ്ഞുമൂടിയ മലനിരകളുടെ ദൂരക്കാഴ്ച ആസ്വദിക്കാനാവുന്നതാണ് കുരിശുമല വ്യൂപോയന്റ്. ഉദയാസ്തമയങ്ങളുടെ മനോഹരക്കാഴ്ചകൾ ഇവിടെ ദൃശ്യമാകും. ഏക്കർകണക്കിന് നീണ്ടുപരന്നുകിടക്കുന്ന കണ്ടംതോട് പുൽമേട് ആണ് സഞ്ചാരികൾ കൂടുതലായെത്തുന്ന മറ്റൊരു സ്ഥലം. തലശ്ശേരി-വയനാട് സംസ്ഥാനപാതയിലെ പേര്യചുരത്തിൽ 29-ാം മൈലിൽ റോഡരികിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനും ഒട്ടേറെപ്പേരെത്തുന്നുണ്ട്. വനത്തിലൂടെ നാലുകിലോമീറ്റർ ട്രക്കിങ് സാധ്യതയുള്ള തമ്പുരാന്മലയും ഇവിടുത്തെ പ്രധാന ആകർഷണമാണ്. നിയന്ത്രണങ്ങളില്ലാതെ എത്തുന്ന സമൂഹവിരുദ്ധർ പ്രദേശത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകളുമുണ്ടാക്കിയിരുന്നു. ടൂറിസം പദ്ധതി വന്നാൽ നിയന്ത്രണവിധേയമായി സഞ്ചാരികളെ പ്രവേശിപ്പിക്കാനാകുമെന്നതിനാലും പ്രദേശത്തിന്റെ വികസനത്തിനു വേഗംകൂട്ടുമെന്നതിനാലുമാണ് ആവശ്യം ജനങ്ങൾ ഉന്നയിച്ചത്.

ഏലപ്പീടിക ടൂറിസം പദ്ധതിയിൽ വനഭാഗത്തുകൂടിയുള്ള ട്രക്കിങ് അടക്കം ഉൾപ്പെടുന്നതിനാൽ അനുമതിക്കായി വനംമന്ത്രിക്ക്‌ ഗ്രാമപ്പഞ്ചായത്ത് അപേക്ഷ നൽകിയിരുന്നു. ഇതിനായി റിപ്പോർട്ട് തയ്യാറാക്കാൻ ഡി.എഫ്.ഒ.ക്ക്‌ മന്ത്രി നിർദേശം നൽകിയിട്ടുമുണ്ട്. സമീപപ്രദേശങ്ങളും ചേർത്ത് ഏലപ്പീടിക വിനോദസഞ്ചാരകേന്ദ്രമാക്കിയാൽ വയനാട്ടുകാർക്കും ഇതിന്റെ ഗുണം ലഭിക്കും.ഏലപ്പീടിക പുൽമേട്ടിൽ നിന്നുള്ള കാഴ്ച