മേപ്പാടി : പുത്തുമലയിലുണ്ടായ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് പ്രദേശത്തെ പ്രവാസികളുടെ കരുതൽ. മുണ്ടക്കൈ, ചൂരൽമല, പുത്തുമല, താഞ്ഞിലോട് എന്നീ പ്രദേശങ്ങളിലെ പ്രവാസികളുടെ വാട്‌സാപ്പ് കൂട്ടായ്മയാണ് ദുരിതബാധിതർക്ക് 5.44 ലക്ഷംരൂപ സമാഹരിച്ച് നൽകുന്നത്.

2019 ഓഗസ്റ്റ് എട്ടിന് പുത്തുമല പച്ചക്കാട്ടിലുണ്ടായ പ്രളയത്തിൽ 12 പേർ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തിരുന്നു. പ്രളയത്തെ തുടർന്ന് 100-ലധികം കുടുംബങ്ങളാണ് പ്രദേശം വിട്ടുപോയത്. ഇവരൊക്കെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിലെ വാടകവീടുകളിലുംമറ്റും താമസിക്കുകയാണ്. സഹജീവികളുടെ കണ്ണീരൊപ്പാൻ തങ്ങളാലാവുന്നവിധം എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് മിഷൻ പുത്തുമല എന്നപേരിൽ വാട്‌സാപ്പ് കൂട്ടായ്മ രൂപവത്കരിക്കാൻ പ്രവാസികളെ പ്രേരിപ്പിച്ചത്. തുടർന്ന് പ്രദേശവാസികളായ കെ. അബ്ദുറഹ്‌മാൻ, കെ. മുഹമ്മദലി, അൻവർ താഞ്ഞിലോട് എന്നിവരുടെപേരിൽ സെൻട്രൽബാങ്ക് കല്പറ്റ ബ്രാഞ്ചിൽ ജോയന്റ് അക്കൗണ്ട് തുടങ്ങുകയായിരുന്നു. പിന്നീട് കോവിഡ് കാരണം പ്രതീക്ഷിച്ച തുക സമാഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ദുരിതബാധിതർക്ക് ഒരുകൈ സഹായം നൽകുകയാണ് ഈ മനുഷ്യസ്നേഹികൾ. 115 പ്രളയബാധിത കുടുംബങ്ങൾക്കാണ് ഈ തുക വിതരണംചെയ്യുക. ഓരോ കുടുംബത്തിനും 4500 രൂപയോളം ലഭിക്കും.