കണിയാമ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പറളിക്കുന്നിലെ ജെസ്സി ബാബു ആളുക്കാരന്റെ പ്രയാസങ്ങൾ എം.വി. ശ്രേയാംസ് കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. വോട്ടു തേടിയെത്തിയ സ്ഥാനാർഥിയോട് പറളിക്കുന്ന് സെയ്ന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ജോർജ് പടിഞ്ഞാറേയിലാണ് ജെസ്സിയുടെ ദുരവസ്ഥയും വീൽചെയർ കിട്ടിയാൽ അവർക്കുപകാരമാകുമെന്നും പറഞ്ഞത്.

വേണ്ടതെല്ലാം ചെയ്യാമെന്ന് ഫാദറിനും ജെസ്സിക്കും ഉറപ്പുകൊടുത്താണ് ശ്രേയാംസ് കുമാർ അന്നു മടങ്ങിയത്. തിരഞ്ഞെടുപ്പ് തിരക്കെല്ലാമൊഴിഞ്ഞ് ഞായറാഴ്ച തന്റെ വാക്കുപാലിക്കാൻ ശ്രേയാംസ് കുമാർ ജെസ്സിയുടെ വീട്ടിലെത്തി.

ഇത്രയുംകാലം അവരാഗ്രഹിച്ച ഇലക്‌ട്രിക് വീൽചെയർ കൈമാറാനായിരുന്നു ആ സന്ദർശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടെ ഉറപ്പുപറഞ്ഞ സമ്മാനവുമായി ശ്രേയാംസ് കുമാർ എത്തിയപ്പോൾ ജെസ്സിക്കൊപ്പം കൂടെയുള്ളവർക്കും മനസ്സു നിറഞ്ഞു. സിസ്റ്റർ പ്രീതാ റോസ്, പി.കെ. അനിൽ കുമാർ, എ. അനന്തകൃഷ്ണ ഗൗഡർ, കെ. എസ്. ബാബു, പൗലോസ് കുറുമ്പേമഠം, ഒ.ടി. ചന്ദ്രശേഖരൻ, കെ. സുധാകരൻ, ഗ്രേഷ്യസ് നടവയൽ, സി. മോഹനൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.