മാനന്തവാടി : ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തി. ഒണ്ടയങ്ങാടി, വരടിമൂല പ്രദേശങ്ങളിലാണ് ഞായറാഴ്ച രാവിലെ കാട്ടാനയിറങ്ങിയത്. രാവിലെ പണിക്കുപോകുന്നവരാണ് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കാട്ടാനയെ കണ്ടത്.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. രാവിലെ മുതൽതന്നെ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

ബത്തേരിയിൽനിന്ന് റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തി. ശക്തമായ മഴയും ആനയെ തുരത്തുന്നതിന് തടസ്സമായി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രാത്രി എട്ടുമണിയോടെയാണ് ആനയെ വനത്തിലേക്ക് തുരത്തിയത്. കുറുവ ദ്വീപ് ഭാഗത്തുനിന്ന് പുഴ കടന്നാണ് ആന ജനവാസകേന്ദ്രത്തിൽ എത്തിയതെന്നാണ് നിഗമനം. നോർത്ത് വയനാട് ഡി.എഫ്.ഒ. രമേശ് ബിഷ്ണോയ്, റെയ്ഞ്ച് ഓഫീസർമാരായ കെ. രാകേഷ്, സജീവ്കുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ എം.വി. ജയപ്രസാദ്, എസ്.എൻ. രാജേഷ് എന്നിവരുടെയും നേതൃത്വത്തിലാണ് ആനയെ തുരത്തിയത്. പോലീസും റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു.