പുല്പള്ളി : പാറക്കവലയിൽ നാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കർണാടക വനത്തിലേക്ക് കടന്നു. ഒരാഴ്ചയോളമായി ജനവാസമേഖലയിലിറങ്ങി ഭീതിവിതച്ച കടുവ ചൊവ്വാഴ്ച വൈകീട്ടാണ് കന്നാരംപുഴ കടന്ന് ബന്ദിപ്പൂർ കടുവാസങ്കേതത്തിലേക്ക് കയറിയത്. ഞായറാഴ്ച ഫോറസ്റ്റ് റെയ്ഞ്ചർ ടി. ശശികുമാറിനെ ആക്രമിച്ചശേഷം കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തിങ്കളാഴ്ച പകൽമുഴുവൻ തിരഞ്ഞെങ്കിലും കടുവയെ കണ്ടെത്തിയിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാറക്കവലയിലെ ആളൊഴിഞ്ഞ ഷെഡ്ഡിലെ കട്ടിലിനടിയിൽ കടുവയെ കണ്ടത്. ഇതിനു സമീപത്തായി കാൽപ്പാടുകൾ കണ്ടതിനെത്തുടർന്നാണ് ഈ ഭാഗത്ത് പരിശോധന നടത്തിയത്. തുടർന്ന് ഷെഡ്ഡിന് പുറത്തേക്ക് കടന്ന കടുവയെ ഡ്രോൺ ഉപയോഗിച്ചാണ് വനപാലകർ നിരീക്ഷിച്ചത്.
മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടും കെണിയിൽ വീഴാതിരുന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു ചൊവ്വാഴ്ച വനംവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. പാറക്കവലയിലെ കൃഷിയിടത്തിൽ ഒരു തവണ മയക്കുവെടി വെച്ചെങ്കിലും വെടിയേറ്റ കടുവ മയങ്ങിയില്ല. പിന്നീട് ഡ്രോൺ ഉപയോഗിച്ച് ഏറെനേരം കടുവയുടെ ചലനങ്ങൾ നിരീക്ഷിച്ച് വെടിവെക്കാനുള്ള അവസരത്തിനായി ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. വൈകീട്ട് അഞ്ചരയോടെ കന്നാരംപുഴയുടെ സമീപത്ത് കണ്ട കടുവ, അരുവി കടന്ന് കർണാടക വനത്തിലേക്ക് പോവുകയായിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെക്കാൻ എത്തിയത്.
കടുവയുടെ കഴുത്തിൽ ഒരു മുറിവുള്ളതായി അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. മുറിവേറ്റ കടുവ വനമേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും പിടികൂടാൻ നടപടിവേണമെന്നും ബന്ദിപ്പൂർ കടുവാസങ്കേതം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സി.സി.എഫ്. ഡി.കെ. വിനോദ് കുമാർ പറഞ്ഞു. തിരച്ചിൽ അവസാനിപ്പിച്ച വനംവകുപ്പ് പ്രദേശത്ത് ശക്തമായ പട്രോളിങ് തുടരുന്നുണ്ട്. കൂടുകൾ മാറ്റിയിട്ടില്ല.
ബുധനാഴ്ച ഉച്ചയോടെയാണ് സീതാമൗണ്ട് തുരുത്തിമറ്റം കവലയിലും ഈട്ടിക്കവലയിലും കടുവയെ ആദ്യം കണ്ടത്. തുടർന്നുള്ള ദിവസങ്ങളിൽ കൊളവള്ളി, ഗൃഹന്നൂർ ഭാഗങ്ങളിലേക്ക് കടന്ന കടുവ വളർത്തുനായ്ക്കളെ കൊന്നിരുന്നു. കടുവയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ഞായറാഴ്ച റെയ്ഞ്ച് ഓഫീസറെ കടുവ ആക്രമിച്ചത്.
വിശ്രമമില്ലാതെ തിരച്ചിൽ
പഴുതടച്ചുള്ള തിരച്ചിലാണ് ചൊവ്വാഴ്ച വനംവകുപ്പ് നടത്തിയത്. ഏഴുസംഘങ്ങളായി തിരിഞ്ഞ് നൂറോളം വനപാലകർ വിശ്രമമില്ലാതെ അതിരാവിലെ മുതൽ കടുവയ്ക്കായി തിരഞ്ഞു. കടുവയുടെ കാൽപ്പാടുകൾ കണ്ട ഭാഗങ്ങളിലെല്ലാം കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചാണ് തിരച്ചിൽ നടത്തിയത്. ഷീൽഡുകളും ഹെൽമെറ്റും ധരിച്ച്, ഏതു നിമിഷവും കടുവയുടെ ആക്രമണം പ്രതീക്ഷിച്ചായിരുന്നു തിരച്ചിൽ. തിരച്ചിൽ നടത്തുന്ന ഭാഗങ്ങളിൽനിന്ന് പ്രദേശവാസികളെ മാറ്റിനിർത്തിയിരുന്നു. നാട്ടുകാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ വാഹനത്തിൽ സഞ്ചരിച്ച് വനംവകുപ്പ് നൽകിയിരുന്നു.
വെടിയേറ്റ കടുവ വാച്ചറെ ആക്രമിച്ചു
മയക്കുവെടിയേറ്റ കടുവ വനംവകുപ്പ് വാച്ചറെ ആക്രമിച്ചു. പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായ വിജേഷ് ചോലങ്കരയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ മമ്പള്ളികുന്നിന് സമീപത്തുനിന്ന് വെടിയേറ്റ കടുവ അക്രമാസക്തനായി വനപാലകരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ വിജേഷിന്റെ കൈക്കാണ് പരിക്കേറ്റത്. വിജേഷിനെ ബത്തേരി ഗവ. ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.