ഔദ്യോഗിക പ്രഖ്യാപനം ഉടൻ

പി. ഗിരീഷ്‌ കുമാർ

കൊയിലാണ്ടി

: പരിസ്ഥിതിസൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തു. നൂറ് ശതമാനം വൃത്തിയും വെടിപ്പുമുള്ള തീരങ്ങൾക്കാണ് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇത് ലഭിക്കുന്നതോടെ ലോക ടൂറിസം ഭൂപടത്തിൽ കാപ്പാട് ബീച്ചും ഇടംനേടും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

കാപ്പാട് അടക്കം 12 ബീച്ചുകളെയാണ് ബ്ലൂ ഫ്ളാഗ് പദവി ലഭിക്കുന്നതിനുള്ള പട്ടികയിലേക്ക് പരിഗണിച്ചിരുന്നത്.

ഇതിൽ എട്ട് ബീച്ചുകളെയാണ് തിരഞ്ഞെടുത്തത്. ശിവരാജ് പൂർ(ഗുജറാത്ത്), ഗോഖലെ(ദിയു), കാസർകോട്, പടുബിദ്രി( കർണാടക), റുഷി കൊണ്ട (ആന്ധ്ര), ഗോൾഡൻ (ഒഡിഷ), രാധാ നഗർ (ആന്തമാൻ) എന്നീ ബീച്ചുകൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചതായി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രൂപവത്‌കരിച്ച മിഷൻ ലീഡർ സഞ്ജയ്ജല്ല അറിയിച്ചു. കോപ്പൻഹേഗൻ ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എജ്യുക്കേഷൻ എന്ന സ്ഥാപനമാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്. 33 മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണ് കാപ്പാട് ബീച്ചിനെ തിരഞ്ഞെടുത്തത്. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് മാനദണ്ഡങ്ങളിൽ പ്രധാനം.

സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് (സൈക്കോ) എന്ന സ്ഥാപനമാണ് ബ്ളൂ ഫ്ളാഗ് സർട്ടിഫിക്കറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. എട്ട് കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവിട്ടത്.