കല്പറ്റ : കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ 14 ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. നാലു സ്ഥാപന ക്ലസ്റ്ററുകളും 10 ലിമിറ്റഡ് ട്രൈബൽ കമ്യൂണിറ്റി ക്ലസ്റ്ററുകളുമാണുള്ളത്. ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രി, കാക്കവയൽ വി.കെ.സി. ഷൂ കമ്പനി, ടീം തായ് ചെതലയം, വാഴവറ്റ ജീവൻ ജ്യോതി ഓർഫനേജ് എന്നിവയാണ് സ്ഥാപന ക്ലസ്റ്ററുകൾ. പൂതാടി കൊടൽകടവ്, മേപ്പാടി റാട്ടക്കൊല്ലി, മുള്ളൻകൊല്ലി വാർഡ് ഒന്ന്, 17 പാതിരി കാട്ടുനായ്ക്ക, വാഴവറ്റ പന്തികുഴി, കോട്ടവയൽ പണിയ, ചുള്ളിയോട് കോട്ടയിൽ, വെള്ളമുണ്ട അരീക്കര, ദ്വാരക പത്തിൽകുന്ന്, പാക്കം ചോനടി കാട്ടുനായ്ക്ക എന്നീ കോളനികളാണ് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ.

സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ പോകണം

കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിലായവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. മാനന്തവാടി എരുമത്തെരുവ് മീൻ മാർക്കറ്റിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പനമരം കെ.എസ്.ഇ.ബി. ഓഫീസിൽ മേയ് ഒമ്പതുവരെ ജോലിചെയ്ത വ്യക്തിയും മാനന്തവാടി ഗാന്ധിപാർക്കിൽ എം.ഡി.എം. പച്ചക്കറിയിൽ മേയ് അഞ്ചുവരെ ജോലിചെയ്ത വ്യക്തിയും പോസിറ്റീവാണ്‌. കല്പറ്റ അമ്പിലേരി കൊച്ചുപുരത്തിൽ ഹൗസിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കും മണ്ടാട് മുട്ടിലിൽ ഏപ്രിൽ 30-ന് നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്തവർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്.

മേയ് ഏഴുവരെ കല്പറ്റ കെ.എസ്.എഫ്.ഇ. ബ്രാഞ്ചിൽ ജോലിചെയ്ത വ്യക്തി, മേയ് എട്ടുവരെ കണിയാമ്പറ്റ എടക്കമ്പം എ.ജെ. സ്റ്റോഴ്സിൽ ജോലിചെയ്ത വ്യക്തി, മൂലങ്കാവ് മിൽമ സൊസൈറ്റിയിൽ മേയ് ഏഴുവരെ ജോലിചെയ്ത വ്യക്തി എന്നിവർ പോസിറ്റീവായിട്ടുണ്ട്. കല്പറ്റ ടി.പി. ടൈൽസ് ഷോപ്പിൽ ജോലിചെയ്തവരും രോഗബാധിതരായിട്ടുണ്ട്.

മാനന്തവാടി വരടിമൂല കോളനി, കരിമ്പലമൂല കോളനി, മല്ലിശ്ശേരിക്കുന്ന് കോളനി, മാനന്തവാടി പാട്ടവയൽ കോളനി, ആലിഞ്ചോട് കോളനി, കരിങ്കണിക്കുന്ന് നാല് സെന്റ് കോളനി, മുള്ളൻകൊല്ലി പാതിരി കോളനി എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്.

ഇന്ന് 33 കേന്ദ്രങ്ങളിൽ കുത്തിവെപ്പ്

കല്പറ്റ : ജില്ലയിൽ ചൊവ്വാഴ്ച 33 കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധകുത്തിവെപ്പ് നടത്തും. രണ്ടാം ഡോസ് കുത്തിവെപ്പാണ് ഉണ്ടാവുക. ഓരോ കേന്ദ്രത്തിലും 200 വീതം കുത്തിവെപ്പാണ് ലക്ഷ്യമിടുന്നത്.