ഒ.ടി. അബ്ദുൾ അസീസ്

മേപ്പാടി

:പരമ്പരാഗത വിളകൾക്ക് പുറമെ തോട്ടങ്ങളിൽ ഫലവർഗങ്ങൾകൂടി കൃഷി ചെയ്യാമെന്ന നിർദേശം സ്വാഗതംചെയ്ത് വയനാട്ടിലെ തോട്ടംമേഖല. തോട്ടം ഭൂമി സംബന്ധിച്ച നയംമാറ്റം ഉടമകൾക്കും തൊഴിലാളികൾക്കും ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

സംസ്ഥാനസർക്കാരിന്റെ പ്രഥമ ബജറ്റിലാണ് തോട്ടങ്ങളിൽ പരമ്പരാഗത വിളകൾക്കുപുറമെ ഫലവർഗങ്ങളായ റംബൂട്ടാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ, ഡ്രാഗൻ ഫ്രൂട്ട്, ലോങ്കൻ തുടങ്ങിയ പഴങ്ങൾ കൃഷി ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ആറു മാസത്തിനകം ഇതുസംബന്ധിച്ച് പഠിച്ച് പദ്ധതികൾ തയ്യാറാക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപയും ബജറ്റിൽ വകയിരുത്തിയിരുന്നു. പ്ലാന്റേഷൻസ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താൻ രണ്ടുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ഇനി മാറ്റത്തിന്റെ കാലം

ബ്രിട്ടിഷ് ഭരണകാലത്ത് തുടങ്ങിയ സംസ്ഥാനത്തെ തോട്ടങ്ങളിൽ തേയില, ഏലം, കാപ്പി, റബ്ബർ എന്നീ വിളകൾ മാത്രമാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തോട്ടം ഭൂമിയുടെ അഞ്ചുശതമാനം (പരമാവധി 10 ഏക്കർ) മറ്റു വിളകൾ കൃഷി ചെയ്യാനും ടൂറിസത്തിനുമായി മാറ്റിവെക്കാനും തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായിരുന്നില്ല. വിലയിടിവും വർധിച്ചുവരുന്ന ചെലവും കാലാവസ്ഥാ വ്യതിയാനവും കാരണം രണ്ടു പതിറ്റാണ്ടായി തോട്ടംമേഖല പ്രതിസന്ധിയിലാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടംമൂലം പല തോട്ടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടിക്കുറച്ചതിനാൽ തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. തൊഴിലാളികളും ട്രേഡ് യൂണിയനുകളും സഹകരിക്കുന്നതുകൊണ്ട് മാത്രമാണ് പല കമ്പനികളും പിടിച്ചു നിൽക്കുന്നത്.

വിനോദസഞ്ചാരികളുടെ ഇഷ്ടയിടം

വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാണ് വയനാട്, ഇടുക്കി ജില്ലകളിലെ തോട്ടം മേഖല. പച്ചവിരിച്ച വിശാലമായ തേയിലത്തോട്ടങ്ങളും കോടവീണ കുന്നിൻ ചെരിവുകളും കാട്ടരുവികളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. പക്ഷേ, ഈ വിസ്മയക്കാഴ്ചകൾ സഞ്ചാരികൾക്ക് തുറന്നുകൊടുത്ത് പണമാക്കി മാറ്റാൻ മാനേജ്മെന്റുകളെ ഭൂപരിഷ്കരണനിയമം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് യു.ഡി.എഫ്. ഭരണകാലത്ത് ടൂറിസത്തിന് അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ തോട്ടമുടമകൾക്ക് കഴിയാതിരുന്നത്.

ആഗോളതലത്തിൽ ഏറെ വിപണി മൂല്യമുള്ള പഴവർഗങ്ങളുടെ കൃഷിക്കാണ് തോട്ടങ്ങൾ തുറന്നുകൊടുക്കുന്നത്. തേയില, ഏലം, കാപ്പി തുടങ്ങിയ പാരമ്പര്യ വിളകൾക്ക് വിലയിടിയുമ്പോൾ മറ്റു വിളകളും മൂല്യവർധിത ഉത്പന്നങ്ങളും വിറ്റ് പിടിച്ചുനിൽക്കാൻ എസ്റ്റേ റ്റുകൾക്ക് കഴിയും. ഇതുവഴി കൂടുതൽ തൊഴിലാളികളെ ആകർഷിക്കാനും തൊഴിൽ സൗഹൃദം ഊട്ടിയുറപ്പിക്കുവാനും മാനേജ്മെന്റുകൾക്ക് കഴിയും. വയനാട്ടിൽ 4800 ഹെക്ടർ സ്ഥലത്താണ് തോട്ടക്കൃഷിയുള്ളത്. പതിനായിരത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം ആശ്വാസം പകരുന്നതാണ് സർക്കാർ തീരുമാനം.