കല്പറ്റ : തോമ എന്നാൽ തോൽക്കാൻ മനസ്സില്ല. സർവസജ്ജനായി കൊറോണ വൈറസിനെ വെടിയുണ്ടകൾകൊണ്ട് വിറപ്പിക്കുന്ന തോമയാണ് ഇനി വയനാടിന്റെ ‘മുന്നണിപ്പോരാളി’.

വൃത്തിയാക്കാത്ത കൈകൾകൊണ്ട് മുഖത്ത് തൊടരുത് എന്ന ആശയം പ്രചരിപ്പിക്കുന്ന 'ഡോണ്ട് ടച്ച് ദി ഫെയ്‌സ്' കാമ്പയിനു പിന്നാലെയാണ് ബിഹേവിയറൽ ചേഞ്ച് കമ്യൂണിക്കേഷൻ വിഭാഗം ‘തോമ’ യെ പരിചയപ്പെടുത്തുന്നത്. തോൽക്കാൻ മനസ്സില്ല എന്ന ടാഗ് ലൈനോടെയുള്ള കാമ്പയിന്റെ നായകനാണ് ഈ ത്രീഡി കഥാപാത്രം. കോവിഡ് പോയാലും തോമ വയനാട്ടിൽ തന്നെയുണ്ടാവും, തോൽക്കാൻ മനസ്സില്ലെന്ന സന്ദേശവുമായി ആരോഗ്യ ബോധവത്കരണം തന്നെയാവും പരിപാടി. കളക്ടർ ഡോ. അദീല അബ്ദുള്ള വ്യാഴാഴ്ചയാണ് തോമയെ പുറത്തിറക്കി വിട്ടത്.

പോരാട്ടം ഓൺലൈനിലും ഓഫ് ലൈനിലും

കോവിഡിനെ പിടിച്ചുകെട്ടാൻ മുൻനിരപ്പോരാളികൾക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന വിഭാഗമാണ് ബി.സി.സി. ഡി.എം.ഒ. തലത്തിൽ മാസ് മീഡിയയും ആരോഗ്യ കേരളത്തിന്റെ ബി.സി.സി. വിഭാഗവും സംയുക്തമായാണ് പ്രവർത്തനം. തെറ്റായ പ്രചാരണങ്ങൾക്ക് തടയിടുകയും ആരോഗ്യ സംരക്ഷണത്തിനുതകുന്ന സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുകയുമാണ് ലക്ഷ്യം.

ആരോഗ്യവകുപ്പിന് സ്വന്തമായുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയും ദൃശ്യ-ശ്രാവ്യ-പത്രമാധ്യമങ്ങളിലൂടെയും കൃത്യമായ വിവരങ്ങൾ ബി.സി.സി. ജനങ്ങളിലെത്തിക്കും. ഡി.എം.ഒ. ഡോ. ആർ. രേണുക, ഡി.പി.എം. ഡോ. ബി. അഭിലാഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.

അതിർത്തിയിലെ 14 ചെക് പോസ്റ്റുകളിൽ കോവിഡിന്റെ തുടക്കത്തിൽത്തന്നെ മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ബോധവത്കരണ ഹോർഡിങ്ങുകൾ സ്ഥാപിച്ചിരുന്നു. ഗോത്രവർഗ വിഭാഗങ്ങൾക്കായി അവരുടെ ഭാഷയിൽ തന്നെ ആരോഗ്യസന്ദേശങ്ങൾ തയ്യാറാക്കി. ഗോത്രഭാഷയിൽ തയ്യാറാക്കിയ റേഡിയോ പരിപാടികൾ ഇതിനായി പ്രക്ഷേപണം ചെയ്തു. റേഡിയോയില്ലാത്ത ആദിവാസി വീടുകൾ കണ്ടെത്തി റേഡിയോ സെറ്റുകളുമെത്തിച്ചു.

കൈകോർത്ത് 'കില'യും

ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് കോവിഡ് മൂന്നാം തരംഗം നേരിടാനൊരുങ്ങുകയാണ് 'കില'. ഗോത്രജനതയ്ക്കിടയിൽ ശരിയായ അവബോധം സൃഷ്ടിക്കുകയും പ്രതിരോധിക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏകോപനം, പരിശീലനം- സംഘാടനം തുടങ്ങിയവയാണ് കിലയുടെ ചുമതല. പരിശീലന മൊഡ്യൂൾ തയ്യാറാക്കൽ, റിസോഴ്സ് പേഴ്സൺമാരെ ലഭ്യമാക്കൽ, ഐ.ഇ.സി. മെറ്റീരിയൽ തയ്യാറാക്കി നൽകൽ എന്നിവ ആരോഗ്യകേരളം വയനാട് ഉറപ്പുവരുത്തും. അടുത്ത ദിവസം പരിശീലനം തുടങ്ങും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, ഡോ. ജി.ആർ. സന്തോഷ് കുമാർ, എ.എം. റാഷിദ്, സി.കെ. ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കുടുംബശ്രീ ‘കുഞ്ഞുപരീക്ഷ’

കല്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ മിഷൻ ഓൺലൈനായി ‘കുഞ്ഞുപരീക്ഷ’ സംഘടിപ്പിക്കുന്നു. കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും ബോധവത്കരണ പാഠങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. നാലു പരീക്ഷകളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. 10-നാണ് ആദ്യപരീക്ഷ. 15 മിനിറ്റ്‌ ദൈർഘ്യമുള്ള പരീക്ഷ രാവിലെ 10.30 മുതൽ രാത്രി 10.30 വരെ പങ്കെടുക്കാം. ലിങ്ക്: www.balasabha.in. ഫോൺ: 9605070863, 6238234069.