കല്പറ്റ : വൈത്തിരി താലൂക്ക് ഭൂരേഖാ വിഭാഗം മുൻ തഹസിൽദാർ കൂടുതൽ ഭൂരേഖകളിൽ വ്യാജ സാക്ഷ്യപത്രം നൽകിയതായി നിലവിലെ തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി. കെ.എൽ.ആറിൽ ഉൾപ്പെട്ട മൂന്നു സ്ഥലങ്ങൾ ഉൾപ്പെട്ടതല്ലെന്ന് സാക്ഷ്യപത്രം നൽകിയതായാണ് റിപ്പോർട്ട്. വൈത്തിരി പഞ്ചായത്തിൽനിന്ന് പരാതി ഉന്നയിച്ചതിനെ തുടർന്ന് പരിശോധിച്ച ചുണ്ടേലിലെ മലപ്പുറം സ്വദേശിയുടെ സ്ഥലത്തിന് പുറമേ, കല്പറ്റ വില്ലേജിൽ പുത്തൂർവയലിലെ സ്ഥലം, കുന്നത്തിടവക വില്ലേജിൽ ഉൾപ്പെട്ട കന്യാസ്ത്രീമഠത്തിന്റെ സ്ഥലം എന്നിവയ്ക്കും തഹസിൽദാർ കെ.എൽ.ആർ. സർട്ടിഫിക്കറ്റ് നൽകിയതായാണ് വ്യക്തമായത്. മൂന്നു ഫയലുകളിലും ഒപ്പിട്ടത് മുൻ തഹസിൽദാരായ വി. അഫ്‌സൽ ആണ്. ഇപ്പോൾ കണ്ണൂർ ജില്ലയിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിനുനേരെ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

വൈത്തിരി പഞ്ചായത്തിൽ ലഭിച്ച വ്യാജ കെ.എൽ.ആർ. സർട്ടിഫിക്കറ്റിലും ഇതേ ഉദ്യോഗസ്ഥന്റെ ഒപ്പാണുള്ളത്. ഭൂരേഖകൾ നൽകുന്നതിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ക്രമക്കേടുകളാണ് ഉണ്ടായത്. ഉദ്യോഗസ്ഥൻ കെ.എൽ.ആർ. സർട്ടിഫിക്കറ്റുകൾ നൽകാൻ തുനിഞ്ഞതു തന്നെ താത്പര്യങ്ങളുടെ പുറത്താണെന്ന് സംശയിക്കേണ്ടതായും പരിശോധിക്കണമെന്നുമാണ് അന്വേഷസംഘത്തിന്റെ നിലപാട്. പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ പോലീസ്, റവന്യൂ അന്വേഷണങ്ങൾക്ക് കളക്ടർ നിർദേശിച്ചിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും ഫയലുകൾ പരിശോധിച്ചിരുന്നു. വൈത്തിരി പഞ്ചായത്ത് ഓഫീസിൽ താലൂക്ക് ഓഫീസിൽ നിന്ന് ലഭ്യമാക്കിയ ഫയലുകളും പരിശോധിക്കുമെന്നും അറിയിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോർട്ടും കൂടി ലഭ്യമായാൽ ഉദ്യോഗസ്ഥനുനേരെ വകുപ്പുതല നടപടികൾ തുടങ്ങുമെന്നാണ് അറിയുന്നത്.

സാധാരണ വില്ലേജ് ഓഫീസർമാരാണ് കെ.എൽ.ആർ. സർട്ടിഫിക്കറ്റ് നൽകുന്നത്. സംശയമുണ്ടാകുന്ന പക്ഷം തഹസിൽദാർ മുഖേന സബ്കളക്ടറാണ് കെ.എൽ.ആർ. സർട്ടിഫിക്കറ്റ് നൽകുക. എന്നാൽ തഹസിൽദാരായി ചുമതലയെടുത്തതിന് പിന്നാലെ അഫ്‌സൽ കെ.എൽ.ആർ. സർട്ടിഫിക്കറ്റുകൾ തഹസിൽദാർക്ക് അയക്കണമെന്ന് നിർദേശിച്ചിരുന്നു.

പുതിയ കീഴ്‌വഴക്കം തുടങ്ങുന്നതിന് എന്തു അസാധാരണമായ സാഹചര്യമാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കേണ്ടിവരും. കന്യാസ്ത്രീമഠത്തിനായി കെ.എൽ.ആർ. സർട്ടിഫിക്കറ്റ് അനുവദിച്ചതിൽ വേണ്ട പരിശോധനകൾ പോലും നടന്നിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്.

താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചുള്ള ചില റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുമായി ആരോപണവിധേയനായ ഉദ്യോഗസ്ഥന് അടുത്ത ബന്ധം ഉണ്ടായിരുന്നതായും ആരോപണം ഉയരുന്നുണ്ട്. ഇവരുടെ താത്പര്യപ്രകാരമുള്ള ഭൂരേഖകൾ അദ്ദേഹം തയ്യാറാക്കി നൽകുകയും അതിനായി ഔദ്യോഗിക നടപടിക്രമങ്ങൾ പോലും മാറ്റിമറിച്ചെന്നുമാണ് ആരോപണം.

വ്യാജ സീലുകളും ഭൂരേഖകളുടെ പകർപ്പുകളും ഈ സംഘം തയ്യാറാക്കിയതായും ആരോപണമുണ്ട്. അങ്ങനെയാണ് ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയതിന് ശേഷവും അദ്ദേഹത്തിന്റെ പേരിൽ വ്യാജ സർട്ടിഫക്കറ്റ് ലഭ്യമാക്കിയത്.