കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആളുകളിൽ പലരും മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കാനായില്ല. പല സംസ്ഥാനങ്ങളിലും രോഗത്തിന്റെ രണ്ടാം വരവുണ്ടായി. കേരളത്തിന് മാത്രം പ്രത്യേകമായി നിൽക്കാൻ സാധിക്കാത്തതിനാൽ ഏപ്രിൽ മാസത്തിലെ എല്ലാ ദിവസവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ശാസ്ത്രീയമായി നടത്തിയ പ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ നമുക്ക് രോഗം പിടിച്ചുനിർത്താനാകും. ബാക് ടു ബേസിക്സ് കാമ്പയിൻ ശക്തമാക്കണം. എല്ലാവരും മാസ്ക് ധരിക്കണം. ചടങ്ങുകൾക്ക് ആൾക്കൂട്ടം പരമാവധി കുറയ്ക്കണം. ആരോഗ്യവകുപ്പിന്റെ കോവിഡ് ഉന്നതതല ഓൺലൈൻ യോഗത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ശക്തമാക്കും

രോഗത്തിന്റെ രണ്ടാം വരവ് മുന്നിൽക്കണ്ടുകൊണ്ട് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ശക്തമാക്കും. ആശുപത്രികളിൽ ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള ഐ.സി.യു., വെൻറിലേറ്റർ സൗകര്യങ്ങൾ തുടങ്ങിയവ സജ്ജമാക്കുന്നതാണ്. മെഡിക്കൽകോളജിൽ സി കാറ്റഗറി (ഗുരുതര രോഗികളെ) ചികിത്സയാണ് ലഭ്യമാകുക. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് സൗകര്യങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽത്തന്നെ ചികിത്സ തുടരാം.

സംസ്ഥാനത്ത് 85 ശതമാനം പേരും കോവിഡ് വരാത്തവർ

സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 85 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാൻ വാക്സിനേഷൻ ദ്രുതഗതിയിലാക്കണം. വാക്സിനേഷൻ നൽകുന്നതിൽ കേരളം നന്നായി പ്രവർത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യപ്രവർത്തകരും വാക്സിൻ എടുത്തുകഴിഞ്ഞു. മുൻഗണനാ പട്ടികയിലുള്ള എല്ലാവരും വാക്സിൻ എടുത്തുകഴിഞ്ഞുവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രചാരണം ആരംഭിക്കും.

പോസ്റ്റ് കോവിഡ് ക്ളിനിക്കുകൾ ആദ്യമായി ആരംഭിച്ചത് കേരളത്തിൽ

കോവിഡനന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. പോസ്റ്റ് കോവിഡ് ക്ളിനിക്കുകൾ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്. സംസ്ഥാനത്ത് മരണനിരക്ക് 0.4 ആയി പിടിച്ചുനിർത്തി. രോഗം നിയന്ത്രിക്കാനായത് കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണെന്നും മന്ത്രി ശൈലജ പറഞ്ഞു.

മന്ത്രി ടി.പി. രാമകൃഷ്ണൻ, ഡി.എം.ഒ. ഇൻ ചാർജ് പീയുഷ് നമ്പൂതിരിപ്പാട്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, ഡി.പി.എം. ഡോ. എ. നവീൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.