ജി.എസ്.ടി. 78.18 ലക്ഷം രൂപ പിഴയീടാക്കി

കോഴിക്കോട് : തീവണ്ടിയാത്രക്കാരായ രാജസ്ഥാൻ സ്വദേശികളിൽനിന്ന് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് 13 കോടി രൂപ വിലയുള്ള സ്വർണാഭരണങ്ങൾ പിടികൂടി. മതിയായ രേഖകളില്ലാതെ സ്വർണാഭരണങ്ങൾ കൈവശംവെച്ച ബീജാപുർ റബാഡിയോ കാബാസിൽ ജഗറാം (19), സഹോദരൻ വസ്‌നറാം (25) എന്നിവരെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച പുലർച്ചെ മംഗള എക്സ്പ്രസിൽ കോഴിക്കോട് നിന്നാണ് സ്വർണം പിടിച്ചത്.

എ വൺ, എ ത്രി കോച്ചുകളിലെ യാത്രക്കാരാണ് ഇരുവരും. രണ്ട് ബാഗുകളിലായി സൂക്ഷിച്ചതായിരുന്നു 30.700 കിലോഗ്രാം ആഭരണങ്ങൾ. പരിശോധനയിൽ ഇവരുടെ പക്കൽ മതിയായ രേഖകളില്ലായിരുന്നുവെന്ന് ആർ.പി.എഫ്. എസ്.ഐ. കെ.എം. സുനിൽകുമാർ പറഞ്ഞു. റെയിൽവേ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ജിതിൻ ബി. രാജിന്റെ നേതൃത്വത്തിലുള്ള ക്രൈം പ്രിവൻഷൻ ആന്റ് ഡിറ്റെക്‌ഷൻ സ്ക്വാഡ് അംഗങ്ങളായ ഹെഡ്‌കോൺസ്റ്റബിൾ വി.പി. മഹേഷ്‌കുമാർ, കോൺസ്റ്റബിൾ അബ്ബാസ് എന്നിവരാണ് ഇവ പിടികൂടിയത്.

സ്വർണം പിന്നീട് ചരക്ക്-സേവന നികുതി ഇന്റലിജൻസ് സ്ക്വാഡിന് കൈമാറി. ബില്ലിലും അനുബന്ധരേഖകളിലും അപാകമുള്ളതിനാൽ മൂന്നു ശതമാനം നികുതിയും മൂന്നു ശതമാനം പിഴയുമായി 78.18 ലക്ഷം രൂപ ഈടാക്കി ആഭരണങ്ങൾ വിട്ടുകൊടുത്തു.

ജി.എസ്.ടി. കോഴിക്കോട് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ എം. ദിനേശ്കുമാർ, സ്ക്വാഡ് രണ്ടിലെ അസിസ്റ്റന്റ് കമ്മിഷണർ ടി.വി. പ്രമോദ്, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ കെ.എസ്. സിജീഷ്, ടി.വി. സുഹൈൽ, ജി.എസ്.ടി. ജീവനക്കാരനായ രഞ്ജയൻ, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഹെഡ് കോൺസ്റ്റബിൾ വി.പി. മഹേഷ്, അബ്ബാസ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.