സുൽത്താൻബത്തേരി : മണ്ഡലത്തിലെ വോട്ടുചോർച്ചയെത്തുടർന്ന് ജനാധിപത്യ രാഷ്ട്രീയസഭയിൽ രൂപപ്പെട്ട തർക്കം ഗൗരവമേറിയ തലത്തിലേക്ക് നീങ്ങുന്നെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. ബത്തേരിയിലെ വോട്ടുചോർച്ചയെ സൂചിപ്പിച്ചും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ വിവരിച്ചും വോട്ടെടുപ്പിനുശേഷം ജെ.ആർ.പി. സംസ്ഥാന കമ്മിറ്റി, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അയച്ച കത്തിനെ ജാനു തള്ളിപ്പറഞ്ഞതും മറ്റുനേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

ബത്തേരിയിലുണ്ടായ വിഷയങ്ങളെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത ശേഷമാണ് കെ. സുരേന്ദ്രന് ഇ-മെയിൽ അയച്ചതെന്നും അന്നുതന്നെ പകർപ്പ് ജാനുവിന് വാട്‌സാപ്പിലൂടെ അയച്ചുകൊടുക്കുകയും അവരത് വായിക്കുകയും ചെയ്തിട്ടുണ്ടെന്നും ജെ.ആർ.പി. സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പറഞ്ഞു.

ബത്തേരിയിലുണ്ടായ വിഷയങ്ങളെ ജാനു തള്ളിപ്പറയാത്തത്, അവർക്ക് അതിലെന്തെങ്കിലും നേട്ടമുണ്ടായിട്ടാകും. വോട്ടുചോർച്ചയെക്കുറിച്ച് ജാനു ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റി അയച്ച കത്ത് എങ്ങനെയാണ് ചോർന്നതെന്ന് അറിയില്ല. പക്ഷേ, പാർട്ടിയെടുത്ത തീരുമാനത്തെ ജാനു തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ല. നിലവിൽ സി.കെ. ജാനു പാർട്ടിയുടെ അധ്യക്ഷയല്ലെന്നും പ്രസീത പറഞ്ഞു.

കഴിഞ്ഞവർഷം അവസാനം കണ്ണൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജാനുവിനെ തത്കാലത്തേക്ക് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയിരുന്നു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജാനുവിനെതിരേ നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്ന് പാർട്ടി അന്വേഷണക്കമ്മിറ്റിയെ നിയോഗിച്ച സാഹചര്യത്തിലും ജാനു വ്യക്തിപരമായി ആവശ്യപ്പെട്ടതിനാലുമാണ് അധ്യക്ഷസ്ഥാനത്തുനിന്ന് താത്കാലികമായി മാറ്റിനിർത്താൻ തീരുമാനമെടുത്തത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ജാനുവിനെതിരേ ഗുരുതരമായ കണ്ടെത്തലുകളുണ്ടായിട്ടുണ്ടെന്ന് മൂന്നംഗ അന്വേഷണക്കമ്മിറ്റിയിലെ അംഗംകൂടിയായ പ്രസീത പറഞ്ഞു. ജെ.ആർ.പി. സംസ്ഥാന കമ്മിറ്റി കെ. സുരേന്ദ്രന് അയച്ച കത്തിൽ ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

ജാനുവിന്റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് നിരവധി നേതാക്കൾ പാർട്ടിയിൽനിന്ന് രാജിവെച്ചതായും നേതാക്കൾ ആരോപിക്കുന്നു. ജാനുവിനെതിരേ നടപടി സ്വീകരിച്ചാലും ജെ.ആർ.പി., എൻ.ഡി.എ.യുടെ ഘടകകക്ഷിയായി തുടരാൻതന്നെയാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളുടെയും തീരുമാനം.