പനമരം : പഠനമികവിന് ഒട്ടേറെ നേട്ടങ്ങൾ വിഷ്ണുപ്രിയയെത്തേടി ഇതിനു മുമ്പുമെത്തിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര സ്കോളർഷിപ്പെന്ന പുതിയ നേട്ടം വിഷ്ണുപ്രിയയ്ക്ക് തുറന്നുനൽകുന്നത് തുടർപഠനരംഗത്ത് വലിയ അവസരങ്ങളാണ്. രാജ്യാന്തര തലത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം നൽകുന്ന യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പാണ് അഞ്ചുകുന്ന് വെള്ളരിവയൽ വലിയവീട് കാർത്തികയിൽ എസ്. വിഷ്ണുപ്രിയ കരസ്ഥമാക്കിയത്. 49,000 യൂറോ (44.5 ലക്ഷം രൂപ) വിഷ്ണുപ്രിയക്ക് സ്കോളർഷിപ്പ് ലഭിക്കും.

ഇറ്റലി, പോർച്ചുഗൽ, തുർക്കി, സ്പെയിൻ തുടങ്ങി നാലു രാജ്യങ്ങളിലെ ഏഴു സർവകലാശാലകളിൽ പഠിക്കാൻ അവസരം നൽകുന്നതാണ് സ്കോളർഷിപ്പ്. സ്കോളർഷിപ്പ് ലഭിച്ചതോടെ സ്പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ലെയ്ഡയിൽ പഠിക്കാനാകുമെന്നാണ് വിഷ്ണുപ്രിയ പ്രതീക്ഷിക്കുന്നത്.

തൃശ്ശൂർ വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ എം.എസ്‌സി. ഫോറസ്ട്രി ഒന്നാംവർഷ വിദ്യാർഥിനിയാണ് വിഷ്ണുപ്രിയ. മഹാരാഷ്ട്രയിലെ ദാബോളി അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു ബി.എസ്‌സി. പഠനം. പുല്പള്ളി വിജയ എച്ച്.എസ്.എസിലെ പ്രിൻസിപ്പൽ ടി. സന്തോഷിന്റെയും പനമരത്ത് ബ്യൂട്ടിപാർലർ നടത്തുന്ന സുജയുടെയും മകളാണ് വിഷ്ണുപ്രിയ. ഡോ. കൃഷ്ണപ്രിയയും കാർത്തികുമാണ് സഹോദരങ്ങൾ.