മുക്കം : നാട്ടിലെത്തി 28 ദിവസത്തെ ക്വാറന്റീനുശേഷമുള്ള വിവാഹമായിരുന്നു, ദുബായിൽനിന്ന് വിമാനം കയറുമ്പോൾ ഫാസിലിന്റെ മനസ്സിൽ. പ്രതികൂല കാലാവസ്ഥയെത്തുടർന്ന്, വിമാനം ഓരോതവണയും ഉയർന്നുതാഴ്ന്നപ്പോൾ മനസ്സ് വല്ലാതെ പകച്ചു. എന്താണ് സംഭവിക്കാൻപോകുന്നതെന്ന് മനസ്സിലായില്ല.
കുലുക്കത്തോടെ ഇറങ്ങിയ വിമാനം വലിയ ശബ്ദത്തോടെ എവിടെയോ പതിച്ചതായി തോന്നി. കുട്ടികളുടെയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കരച്ചിൽ കാതിൽ തുളഞ്ഞുകയറി. വിമാനം പിളർന്നഭാഗത്തുകൂടി പതുക്കെ പുറത്തേക്കിറങ്ങിയപ്പോൾ രണ്ട് സുരക്ഷാഉദ്യോഗസ്ഥർ കൈപിടിച്ച് ഒരു കാറിൽ കയറ്റി. ഇതിനിടെ ബന്ധുക്കളെ വിളിച്ച് അപകടവിവരം പങ്കുവയ്ക്കുകയും സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൊടിയത്തൂർ സ്വദേശി കോട്ടമ്മൽ ഫാസിൽ 'മാതൃഭൂമിയോട്' പറഞ്ഞു. തിരികെ ലഭിച്ച ജീവിതത്തിൽ, ക്വാറൻറീൻ പൂർത്തിയാക്കി സെപ്റ്റംബർ പത്തിന് ഫാസിൽ മുക്കം കളൻതോട് സ്വദേശിനിയും ഡിഗ്രി വിദ്യാർഥിനിയുമായ ഷബാനയെ മിന്നുചാർത്തും. വിമാനം രണ്ടായി പിളർന്നതിന് തൊട്ടുപിന്നിലുള്ള സീറ്റിലാണ് ഷാർജയിലെ സൂപ്പർമാർക്കറ്റിൽ ജോലിചെയ്തിരുന്ന ഫാസിൽ യാത്രചെയ്തിരുന്നത്.
സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റ് പലതവണ ശ്രമിച്ചിരുന്നു. വിമാനം എമർജൻസി ലാൻഡിങ് നടത്തുന്നത് സംബന്ധിച്ച് വിമാനത്തിലെ ജീവനക്കാർ ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല. സാധാരണഗതിയിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് അരമണിക്കൂർ മുൻപാണ് സീറ്റ്ബെൽറ്റ് ധരിക്കാനുള്ള നിർദേശം ലഭിക്കാറുള്ളത്. എന്നാൽ, ഒരു മണിക്കൂർ മുൻപുതന്നെ ഇതുസംബന്ധിച്ച നിർദേശം നൽകിയതായും ഫാസിൽ പറയുന്നു.
കൊണ്ടോട്ടിയിലെ സ്വകാര്യആശുപത്രിയിലേക്കാണ് ഫാസിലിനെ ആദ്യം കൊണ്ടുപോയത്. അപകടത്തെത്തുടർന്ന് ദേഹത്തുണ്ടായ മുറിവുകൾ കെട്ടിയശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽകോളേജിലേക്കും കൊണ്ടുപോയി.
കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനാൽ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൊടിയത്തൂരിലെ വീട്ടിലെത്തി. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും പ്രതിശ്രുതവധുവിനായി കൊണ്ടുവന്ന മൊബൈൽഫോണും വീട്ടിലേക്കായി വാങ്ങിയ മറ്റു ഉപകരണങ്ങളുമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു.