സുൽത്താൻബത്തേരി : ദേശീയപാത 766-നെ വെള്ളത്തിൽമുക്കി തുടർച്ചയായി രണ്ടാംദിവസവും പൊൻകുഴിപ്പുഴ കരകവിഞ്ഞൊഴുകുന്നു. ശനിയാഴ്ച പകൽ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പൊൻകുഴിയിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. ഇതോടെ കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന മുത്തങ്ങവഴിയുള്ള ഗതാഗതം രണ്ടാംദിവസവും തടസ്സപ്പെട്ടു. വ്യാഴാഴ്ചരാത്രി മുതലാണ് പൊൻകുഴിപ്പുഴയിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെയോടെ ദേശീയപാത വെള്ളത്തിൽമുങ്ങി. ദേശീയപാത കടന്നുപോകുന്ന വഴിയിൽ പൊൻകുഴി മുതൽ തകരപ്പാടിവരെയാണ് ജലനിരപ്പുയർന്നത്. വയനാട് വന്യജീവി സങ്കേതത്തിന്റെയും ബന്ദിപ്പൂർ കടുവാ സങ്കേതത്തിന്റെയും ഭാഗമായ നിരവധി വനപ്രദേശങ്ങൾ വെള്ളത്തിൽമുങ്ങിയിട്ടുണ്ട്.
പൊൻകുഴയിൽ തുടർച്ചയായ വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിട്ടും ഇത് തടയാൻ ജില്ലാ ഭരണകൂടം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. കർണാടകയിലെ നുഗു അണക്കെട്ടിലെ ഷട്ടർ തുറന്നുവിടാത്തതിനാലാണ് പൊൻകുഴിയിൽ വെള്ളപ്പൊക്കമുണ്ടാവുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജില്ലയിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോൾതന്നെ കർണാടക അധികൃതരുമായി ബന്ധപ്പെട്ട് അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇവിടെ വെള്ളപ്പൊക്കമുണ്ടാവില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ കുറേദിവസങ്ങളായി ശക്തമായ മഴതുടരുന്നതും പൊൻകുഴിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണമായി.