കോഴിക്കോട് : ദുബായിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ ഈ കുഞ്ഞുങ്ങൾക്കൊപ്പമുണ്ടായിരുന്ന ഉമ്മ ഇനിയില്ല. കരിപ്പൂരിലെ വിമാനദുരന്തത്തിൽപ്പെട്ട് കോഴിക്കോട്ടെ ആശുപത്രിയിൽ കഴിയുന്ന അസം അലിയും അനുജൻ അഹമദ് അലിയും ഉമ്മ സിനോബിയയ്ക്ക് വിടനൽകി.
അപകടംനടന്ന് രണ്ടുമണിക്കൂറിനകം കുട്ടികളെ രണ്ട് ആശുപത്രികളിൽ കണ്ടെത്തിയ ബന്ധുക്കൾക്ക് രാത്രിവൈകിയും സിനോബിയ എവിടെയെന്നു കണ്ടെത്താനായിരുന്നില്ല. പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അവരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ദുബായിൽ അക്കൗണ്ടന്റായ ചെറുവീട്ടിൽ മുഹമ്മദ് അലിയുടെ ഭാര്യയാണ് കോഴിക്കോട് സൗത്ത് ബീച്ച് റോഡ് ഫദൽ വസതിയിൽ പന്തക്കലകത്ത് സിനോബിയ (40). വർഷങ്ങളായി ഭർത്താവിനൊപ്പം ദുബായിലായിരുന്ന ഇവർ കുട്ടികൾക്കൊപ്പം വിസപുതുക്കാനായാണ് അഞ്ചുമാസംമുമ്പ് അങ്ങോട്ടുപോയത്. കോവിഡ് സാഹചര്യമായതോടെ നാട്ടിലേക്കു മടങ്ങാൻ നിശ്ചയിക്കുകയായിരുന്നു.
വിമാനം അപകടത്തിൽപ്പെട്ടപ്പോൾ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്കാണ് സിനോബിയയെ എത്തിച്ചത്. മരണം സ്ഥിരീകരിച്ച് കോഴിക്കോട്ടേക്ക് മൃതദേഹം എത്തിക്കാൻ വൈകിയതിനാലാണ് ബന്ധുക്കൾക്ക് ഏറെനേരം ഒരുവിവരവും കിട്ടാതിരുന്നത്. കോഴിക്കോട്ട് പരിക്കേറ്റവരെ പ്രവേശിച്ച എല്ലാ ആശുപത്രികളിലും കയറിയിറങ്ങിയാണ് കുട്ടികൾ സുരക്ഷിതരാണെന്ന് മനസ്സിലാക്കിയത്.
അതിനുശേഷവും ഉമ്മയെക്കുറിച്ച് വിവരംകിട്ടാത്തതിനാൽ മെഡിക്കൽ കോളേജിൽപോയി കാത്തുനിൽക്കുകയായിരുന്നു.മാൽമിയാരകത്ത് ഹമീദിന്റെയും പന്തക്കലകം റുഖിയയുടെയും മകളാണ് സിനോബിയ. അലീഷ എന്നൊരു മകൾകൂടിയുണ്ട് മുഹമ്മദ് അലി-സിനോബിയ ദമ്പതിമാർക്ക്.