കല്പറ്റ : പുത്തുമലയുടെ അതേവ്യാപ്തിയിൽ മുണ്ടക്കൈയിൽ ദുരന്തം ആവർത്തിച്ചപ്പോഴും ആളപായം ഒഴിവാക്കാൻ വയനാടിന് തുണയായത് പ്രാദേശികമഴ വിവരശേഖരണം. ജില്ലയിലെ 55 സ്റ്റേഷനുകളിലെ മഴയുടെ അളവാണ് ജൂൺ മുതൽ ദിവസേന ശേഖരിച്ച് അവലോകനം ചെയ്യുന്നത്.
സ്വകാര്യ തേയിലത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും സ്ഥാപിച്ച സ്വകാര്യ മഴമാപിനിയിലെ വിവരങ്ങൾ ഉൾപ്പെടെയാണ് ശേഖരിക്കുന്നത്. ഇതുവഴി ജില്ലാശരാശരിക്ക് പുറമേ, തദ്ദേശസ്ഥാപനങ്ങളിൽ ലഭിക്കുന്ന ശരാശരി മഴയുടെ അളവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളുടെ വിവരവും ലഭിക്കുന്നു.
ജില്ലാ മണ്ണുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തിലാണ് ചിട്ടയോടെ ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത്രയും കാലമായുള്ള നിരീക്ഷണത്തിലൂടെ ഓരോ പ്രദേശത്തും മഴപെയ്താൽ സമീപത്തെ പുഴ നിറയുന്നതിനെടുക്കുന്ന സമയം വരെ കണക്കൂകൂട്ടി നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പുത്തുമലയിലും സമീപപ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലും അതിതീവ്രമഴ ലഭിക്കുന്നത് കണക്കുകളിൽനിന്ന് വ്യക്തമായിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കൂടി അനുമാനിച്ചതോടെ ജനവാസമേഖലയായ മുണ്ടക്കൈയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് തന്നെ ഉദ്യോഗസ്ഥരെത്തി ജനങ്ങളോട് ഒഴിഞ്ഞു പോവാൻ ആവശ്യപ്പെട്ടു. ജില്ലാ മണ്ണു സംരക്ഷണവിഭാഗം ഓഫീസർ പി.യു. ദാസ് ഉൾപ്പെടെയുള്ള വിദഗ്ധർ നേരിട്ടെത്തി ജനങ്ങളെ ബോധവത്കരിച്ചു.
തുടർന്ന് പ്രാദേശികമായി ജനങ്ങളെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ തന്നെ ഇവിടെ ഉരുൾപൊട്ടിയെങ്കിലും ആളപായമൊന്നുമുണ്ടായില്ല. ജില്ലയുടെ മറ്റ് മേഖലകളിലും ദുരന്തം ആവർത്തിക്കാതിരിക്കാൻ ദിവസേന മഴ നിരീക്ഷിച്ചാണ് ആവശ്യമായ മുൻകരുതലുകൾ ജില്ലാഭരണകൂടം സ്വീകരിക്കുന്നത്.