സുൽത്താൻബത്തേരി : സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ പൊൻകുഴിപ്പുഴ കരകവിഞ്ഞതോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ലെ ഗതാഗതം തടസ്സപ്പെട്ടു. പുഴയിൽനിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതിനാൽ വെള്ളിയാഴ്ച രാവിലെ മുതൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നില്ല.
രാവിലെ ഉത്തരേന്ത്യയിൽ നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുമായെത്തിയ 39 ലോറികൾ റോഡിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് പൊൻകുഴിയിൽ കുടുങ്ങി. കാട്ടിനുള്ളിൽ ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ ലോറി ജീവനക്കാർക്ക് വനംവകുപ്പിന്റെ സഹായത്തോടെ ലോറി ഡ്രൈവേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ സഹായമെത്തിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ അനുമതി നേടിയശേഷം, വനംവകുപ്പിന്റെ വാഹനത്തിൽ കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് ഭക്ഷണവും വെള്ളവും മറ്റും എത്തിച്ചുകൊടുത്തത്. കർണാടക ഭാഗത്തുനിന്നെത്തി പൊൻകുഴിയിൽ കുടങ്ങിയ ലോറിജീവനക്കാരടക്കമുള്ള 54 യാത്രക്കാരെ ഉച്ചയോടെ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ചെറിയ കുട്ടികളെയും പ്രായമായവരെയും വനംവകുപ്പിന്റെ ഡിങ്കിയിൽ കയറ്റിയാണ് തകരപ്പാടിയിലെത്തിച്ചത്. തുടർന്ന് കല്ലൂർ 67-ലെ ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനകൾക്ക് ശേഷം ബത്തേരിയിലെ സുരക്ഷിത കേന്ദ്രങ്ങളിൽ താമസമൊരുക്കി.
നിലവിൽ വയനാട്ടിൽനിന്ന് അന്തസ്സംസ്ഥാന യാത്രയ്ക്ക് അനുമതിയുള്ള ഏകപാതയാണിത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ കോവിഡ് പശ്ചാത്തലത്തിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്ന മലയാളികളുടെ യാത്ര മുടങ്ങി. വ്യാഴാഴ്ച രാത്രിയോടെയാണ് റോഡിലേക്ക് വെള്ളം കയറിതുടങ്ങിയത്.
പൊൻകുഴി മുതൽ തകരപ്പാടിവരെ റോഡ് മുഴുവൻ വെള്ളത്തിലാണ്. തകരപ്പാടിയിലെ ആർ.ടി.ഒ. ചെക് പോസ്റ്റിന് തൊട്ടടുത്തുവരെ വെള്ളമെത്തിയിട്ടുണ്ട്. പൊൻകുഴി ശ്രീരാമക്ഷേത്രവും വെള്ളത്തിൽ മുങ്ങിത്തുടങ്ങി. കഴിഞ്ഞവർഷം ഈ ക്ഷേത്രം പൂർണമായി മുങ്ങിപ്പോയിരുന്നു.