പുല്പള്ളി : പള്ളിച്ചിറയിൽ വനപാലക സംഘത്തെ കടുവ ആക്രമിച്ചു. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ചെതലയം റേയ്ഞ്ച് ഓഫീസർ ടി. ശശികുമാർ, ഡ്രൈവർ മാനുവൽ ജോർജ് എന്നിവരെ ബത്തേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പള്ളിച്ചിറയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി തിരച്ചിൽ നടത്തുമ്പോഴാണ് വനത്തിനുള്ളിൽ കടുവ ആക്രമിച്ചത്. ആളുകൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് കടുവ ഉൾവനത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ പള്ളിച്ചിറയിൽ രണ്ട് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു.
കടുവയെ നിരീക്ഷിക്കാൻ പ്രദേശത്ത് വനപാലകർ ബുധനാഴ്ച ക്യാമറകൾ സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ വനപാലകർ കടുവയ്ക്കായി പ്രദേശത്ത് തിരച്ചിൽ നടത്തി വരുകയായിരുന്നു. വനത്തിനുള്ളിൽ പ്രവേശിച്ച് തിരച്ചിൽ നടത്തിയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. കൈകാലുകളിൽ കടുവയുടെ നഖം കൊണ്ടുള്ള മുറിവുകളുണ്ടായിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
കതവാക്കുന്നിലിറങ്ങിയ നരഭോജി കടുവയാണ് പ്രദേശത്തുള്ളതെന്നും അടിയന്തരമായി കൂട് വെച്ച് പിടികൂടണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.