അമ്പലവയൽ : ഗ്രാമപ്പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുൾപ്പെട്ട കരിങ്ങലോട്-പുറ്റാട് പാത നന്നാക്കാൻ നടപടിയില്ല. ഒന്നരപ്പതിറ്റാണ്ടുമുമ്പ് നിർമിച്ച റോഡിൽ ഇതുവരെ കല്ലുപാകിയിട്ടുപോലുമില്ല. ചെറിയൊരു മഴപെയ്താൽ ചെളിനിറയുന്ന ഇതുവഴി മഴക്കാലത്ത് വാഹനങ്ങൾ പോകില്ല.

തോമാട്ടുചാൽ കരിങ്ങലോട് പ്രദേശത്തുനിന്ന് പുറ്റാടേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. ആകെയുള്ള ദൂരത്തിൽ കരിങ്ങലോട് നിന്നാരംഭിക്കുന്ന അഞ്ഞൂറുമീറ്ററാണ് തകർന്നുകിടക്കുന്നത്. മൺപാതയിലൂടെ വേനൽക്കാലത്ത് മാത്രമാണ് യാത്ര സാധ്യമാവുക. വയൽപ്രദേശമായ ഇവിടെ ചെറിയൊരു മഴപെയ്താൽ റോഡിൽ ചെളിനിറയും.

കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ ചെറുവാഹനങ്ങൾക്ക് പോകാൻ പറ്റില്ല. വഴി പരിചയമില്ലാത്തവർ ഇതുവഴിയെത്തിയാൽ അപകടത്തിലാകും.

കരിങ്ങലോട് പുറ്റാട് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് ഈ പാതയെ ആശ്രയിക്കുന്നത്. കർഷകരും സാധാരണക്കാരും വസിക്കുന്ന ഇവിടേക്ക് ബദൽ റോഡില്ല. വിളകൾ കൊണ്ടുപോകാനും കൃഷിക്കുള്ള സാധനങ്ങളെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ്. ചികിത്സയടക്കമുള്ള അത്യാവശ്യകാര്യങ്ങൾക്കും വാഹനമെത്താതെ ഇവർ പാടുപെടുന്നു. കാരാപ്പുഴ പദ്ധതിയുടെ ഭാഗമായ റോഡ് കഴിഞ്ഞവർഷം ടാറിങ് നടത്തിയിരുന്നു. പരിസരത്തെ മറ്റ് റോഡുകളെല്ലാം പലതവണ അറ്റകുറ്റപ്പണി നടത്തിയപ്പോഴും കരിങ്ങലോട്-പുറ്റാട് റോഡിനെ അവഗണിച്ചെന്ന് പ്രദേശവാസിയായ കെ. രാധാകൃഷ്ണൻ പറഞ്ഞു.