അമ്പലവയൽ : കാരാപ്പുഴയിൽനിന്നുള്ള ജലസേചന പദ്ധതിയുടെ പൈപ്പ് ഉറപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ വെള്ളം പമ്പുചെയ്യുംമുമ്പുതന്നെ തകർന്നു. അമ്പലവയൽ-കാരാപ്പുഴ പാതയോരത്ത് പൈപ്പുകൾ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണുകളാണ് അടർന്നുവീഴുന്നത്. പാറപ്പുറത്ത് ബലമില്ലാതെ പണിതിരിക്കുന്ന ഇവയിൽ പലതും വിള്ളൽവീണ് തകർച്ചയുടെ വക്കിലാണ്. പദ്ധതി ഒരുഭാഗത്ത് പുരോഗമിക്കുമ്പോൾ ആദ്യം പൂർത്തിയാക്കിയ ഭാഗങ്ങളാണ് തകർന്നുകൊണ്ടിരിക്കുന്നത്.

ജില്ലയുടെ വിവിധയിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാൻ കാരാപ്പുഴ അണക്കെട്ടിൽനിന്നുള്ള ബൃഹദ്പദ്ധതിയാണിത്. മാങ്കുന്ന് ഭാഗത്തുനിന്ന് വലിയ പൈപ്പുകൾവഴി ബത്തേരി നഗരസഭ, നൂൽപ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യം കുറ്റിക്കൈതയിൽ നിർമിച്ചിരിക്കുന്ന ടാങ്കിലേക്കാണ് വെള്ളമെത്തുക. പിന്നീട് അമ്പലവയൽ ആശുപത്രിക്കുന്നിലെ വലിയ ടാങ്കിലേക്ക് പമ്പുചെയ്യും. ഇതിനുശേഷമാണ് അമ്പുകുത്തി-മലവയൽ വഴി ബത്തേരിയിലേക്ക് കൊണ്ടുപോവുക. ഒന്നരവർഷം മുമ്പ് പൈപ്പിടുന്ന ജോലികൾ തുടങ്ങിയിരുന്നു. അമ്പലവയൽ പ്രദേശത്തെ പൈപ്പുകൾ ഒരുവർഷം മുമ്പുതന്നെ സ്ഥാപിച്ചതാണ്. ഇതിൽ അടിവാരം കവലമുതൽ താഴെ കുറ്റിക്കൈതവരെ പാതയോരത്ത് തീരെ സ്ഥലമില്ലായിരുന്നു. അതുകൊണ്ട് കനാലിന് മുകളിലും പാറപ്പുറത്തും സിമന്റ് തൂൺ നിർമിച്ചാണ് പൈപ്പ് ഉറപ്പിച്ചത്. പക്ഷേ, ഒരുവർഷം കഴിയുമ്പോഴേക്കും ഈ തൂണുകളുടെയെല്ലാം സ്ഥിതി ദയനീയമായി.

ഭൂരിഭാഗം പൈപ്പും മണ്ണിനടിയിലൂടെയാണ് ഇട്ടിരിക്കുന്നത്. റോഡിനിരുവശവും പാറയുള്ള ഭാഗത്താണ് അതിനുമുകളിലൂടെ പൈപ്പിട്ടത്. നിശ്ചിത അകലത്തിൽ കോൺക്രീറ്റ് തൂണുകൾ നിർമിച്ചാണ് ഉറപ്പിച്ചിരിക്കുന്നത്. കുത്തനെ ചരിഞ്ഞ പാറയുടെ മുകളിൽ നിർമിച്ച സിമന്റു തൂണുകളാണ് ഇപ്പോൾ നാശം നേരിടുന്നത്. ചില തൂണുകൾ രണ്ടിലധികം തവണ അടർന്നുവീണു. ഇത് പിന്നെയും കോൺക്രീറ്റ് ചെയ്തെങ്കിലും വീണ്ടും പൊളിഞ്ഞു. പദ്ധതി പൂർത്തിയായി വെള്ളം പമ്പുചെയ്യും മുമ്പാണ് ഈ സ്ഥിതി. റോഡിനോട് ചേർന്ന് നിർമിച്ചിട്ടുള്ളവ വിണ്ടുകീറിയ നിലയിലാണ്. കുത്തനെ കയറ്റമുള്ള ഭാഗത്തെ തൂണുകൾക്കാണ് ബലക്ഷയമേറെ. അമ്പലവയൽ പ്രദേശത്തെ പദ്ധതി പൂർത്തിയാക്കി പൈപ്പിലൂടെ വലിയ അളവിൽ വെള്ളം പമ്പുചെയ്യുമ്പോൾ എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വെള്ളം തുറന്നുവിടും മുമ്പ് പൈപ്പുകൾ ബലമായി ഉറപ്പിച്ചില്ലെങ്കിൽ അടിവാരംഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഉറക്കമില്ലാതാകും.

അടിത്തറയില്ലാത്ത നിർമാണം

വേണ്ടത്ര അളവിൽ സിമന്റും കമ്പിയും ചേർക്കാതെയാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ അടർന്നുവീഴാനുള്ള ബലമേ അതിനുള്ളൂ. ബലമുള്ള അടിത്തറയില്ലാതെയാണ് പലയിടത്തും തൂൺ നിർമിച്ചിരിക്കുന്നത്. കാരാപ്പുഴ റോഡുപണിക്കായി എടുത്തിട്ട മണ്ണിനുമുകളിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണുകൾക്ക് ആയുസ്സ് തീരെക്കുറവാണ്. അശാസ്ത്രീയമായി വിന്യസിച്ചിരിക്കുന്ന പൈപ്പുകൾ വലിയ ഭീഷണിയാണ്. കൂടിയ അളവിൽ കയറ്റത്തേക്ക് വെള്ളം പമ്പുചെയ്യുമ്പോൾ പൈപ്പ്‌ലൈൻ തകരാനുള്ള സാധ്യതയേറെയാണ്.

എം.വി. തോമസ്

പൊതുപ്രവർത്തകൻ