കല്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞെങ്കിലും മൂന്നു മണ്ഡലങ്ങളിലും ജയിക്കുമെന്ന് കണക്കുകൂട്ടി മുന്നണികൾ ഫലം കാത്തിരിക്കുന്നു. മൂന്നു മണ്ഡലങ്ങളിലും പ്രവചനാതീതമാംവിധം മത്സരം കടുത്തെങ്കിലും പോളിങ്ങിൽ അത് പ്രതിഫലിക്കാത്തതാണ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. 74.98 ശതമാനം പേരാണ് ജില്ലയിൽ ബൂത്തിലെത്തിയത്. തപാൽ വോട്ടുകൂടി ചേർത്താൽ ഇത് 76 ശതമാനംവരെ എത്തിയേക്കാമെങ്കിലും സമീപകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 78.22 ശതമാനം പേരും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 82.18 ശതമാനം പേരും വോട്ടുചെയ്തിരുന്നു.

ബത്തേരി ഉറപ്പിച്ച് യു.ഡി.എഫ്., അട്ടിമറി സ്വപ്നത്തിൽ എൽ.ഡി.എഫ്.

സുൽത്താൻബത്തേരി മാത്രമാണ് ജില്ലയിൽ നിലവിൽ യു.ഡി.എഫിന്റെ കൈവശമുള്ളത്. കോൺഗ്രസിൽനിന്ന് രാജിവെച്ചുവന്ന കെ.പി.സി.സി. സെക്രട്ടറി എം.എസ്. വിശ്വനാഥനെ സ്ഥാനാർഥിയാക്കി ബത്തേരിയിൽ എൽ.ഡി.എഫ്. സർവസന്നാഹങ്ങളുമായി അണിനിരന്നെങ്കിലും അടിയൊഴുക്കുകൾ തങ്ങൾക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. 2016-ൽ നേടിയ 11,198 വോട്ടിന്റെ ഭൂരിപക്ഷമില്ലെങ്കിലും ഐ.സി. ബാലകൃഷ്ണൻ ജയിച്ചുവരുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

അവസാനഘട്ടത്തിൽ താമര ചിഹ്നത്തിൽ മത്സരിക്കാനെത്തിയ ജനാധിപത്യ രാഷ്ട്രീയസഭ നേതാവ് സി.കെ. ജാനുവിന് ബി.ജെ.പി. വോട്ടുകൾ സമാഹരിക്കാനായില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞതവണ ജാനു നേടിയ 27,920 വോട്ടിൽ ചോർച്ചയുണ്ടാവാൻ സാധ്യതയേറെയാണ്. ആ വോട്ട് എങ്ങോട്ടുമറിയുന്നുവെന്നതാണ് ബത്തേരിയിലെ ആകാംക്ഷ. എം.എസ്. വിശ്വനാഥന് വ്യക്തിപരമായി കിട്ടുന്ന വോട്ടിനൊപ്പം മുന്നണിവോട്ടും ചേർന്നാൽ ജയിക്കാമെന്നാണ് എൽ.ഡി.എഫ്. പ്രതീക്ഷ. മണ്ഡലത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനവും അവരുടെ ആത്മവിശ്വാസത്തിന് ബലമേകുന്നുണ്ട്. കുറുമസമുദായത്തിൽനിന്ന്‌ വിശ്വനാഥന് പിന്തുണ കിട്ടുമെന്നാണ് എൽ.ഡി.എഫ്. കരുതുന്നത്. ബത്തേരി നഗരസഭയിലും അന്പലവയൽ പഞ്ചായത്തിലും നല്ലമുന്നേറ്റം കാഴ്ചവെക്കാനാവുമെന്ന് എൽ.ഡി.എഫ്. പ്രതീക്ഷിക്കുമ്പോൾ പുല്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വലിയ മുന്നേറ്റമുണ്ടാവുമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. ആദ്യഘട്ടത്തിലെ ആവേശം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എൽ.ഡി.എഫ്. ക്യാമ്പിലുണ്ടായിട്ടില്ലെന്ന് അവർ വിലയിരുത്തുന്നു.

കല്പറ്റയിലെ കലഹങ്ങൾ കുളം കലക്കുമോ

കല്പറ്റയും മാനന്തവാടിയും തങ്ങൾക്കൊപ്പമാവുമെന്ന കാര്യത്തിൽ പൂർണ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ക്യാമ്പ്. രണ്ടിടത്തും കോൺഗ്രസിലെ പ്രശ്നങ്ങളും പ്രചാരണപ്രവർത്തനങ്ങളിലെ താളപ്പിഴകളും യു.ഡി.എഫിന് വിനയായേക്കും. കല്പറ്റയിൽ ടി. സിദ്ദിഖ് സ്ഥാനാർഥിയാവുന്നതിനെ ജില്ലയിലെ പ്രധാന നേതാക്കളും പ്രവർത്തകരും പരസ്യമായി എതിർത്തതിന്റെ അലയൊലികൾ വോട്ടെടുപ്പിലും പ്രതിഫലിച്ചുവെന്നുവേണം കരുതാൻ. പല കോൺഗ്രസ് കേന്ദ്രങ്ങളിലും പോളിങ് ശതമാനം കുറഞ്ഞത് ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. മേപ്പാടി, മുട്ടിൽ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞത് ഗൗരവത്തോടെയാണ് മുന്നണിനേതൃത്വം കാണുന്നത്. സ്ഥാനാർഥിക്കെതിരായ പ്രാദേശിക വികാരവും ഗ്രൂപ്പ് വടംവലികളുമാണ് ഇതിന് കാരണമെന്നാണ് അവരുടെ വിലയിരുത്തൽ. പ്രചാരണപ്രവർത്തനങ്ങളിൽ വന്ന വീഴ്ചയും യു.ഡി.എഫിനെ അലട്ടുന്നുണ്ട്. കണിയാമ്പറ്റ, മൂപ്പൈനാട്, തുടങ്ങിയ പഞ്ചായത്തുകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അതിലൂടെ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയം ഉറപ്പാണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

നാട്ടുകാരനായ സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന്റെ സ്വീകാര്യതയാണ് എൽ.ഡി.എഫിന് ആത്മവിശ്വാസമേകുന്നത്. സി.കെ. ശശീന്ദ്രൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രചാരണപ്രവർത്തനങ്ങളും അതിന് ബലമേകുന്നു. സർക്കാരിന്റെ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കുള്ള സ്വീകാര്യതയും വോട്ടാവുമെന്നാണ് കണക്കുകൂട്ടൽ. കല്പറ്റ നഗരസഭ, വൈത്തിരി പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

കണക്കുകൂട്ടി മാനന്തവാടി

മാനന്തവാടിയിലും പ്രചാരണരംഗത്ത് ചില ഘട്ടങ്ങളിൽ പിന്നാക്കം പോയതാണ് യു.ഡി.എഫിനെ അലട്ടുന്നത്. നിലവിലെ എം.എൽ.എ.കൂടിയായ സ്ഥാനാർഥി ഒ.ആർ. കേളുവിന്റെ ജനകീയത തങ്ങളെ തുണയ്ക്കുമെന്ന് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നു. ആദ്യഘട്ടത്തിൽ പിന്നാക്കം പോയ യു.ഡി.എഫിന് ഇടയ്ക്ക്‌ തിരിച്ചുവരാൻ കഴിഞ്ഞെങ്കിലും അവസാന ലാപ്പുവരെ ആ ആത്മവിശ്വാസമുണ്ടായില്ലെന്നാണ് നിരീക്ഷണം.

1307 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ പുതുമുഖമായ ഒ.ആർ. കേളു, മന്ത്രിയായിരുന്ന ജയലക്ഷ്മിയെ പരാജയപ്പെടുത്തിയത്. ഇത്തവണ വലിയ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന്റെ സ്വപ്നം. എന്നാൽ, കഴിഞ്ഞതവണ പാലം വലിച്ച പടലപ്പിണക്കങ്ങൾ ഇക്കുറിയുണ്ടായില്ലെന്നതാണ് യു.ഡി.എഫിന്റെ ആശ്വാസം.

പ്രതീക്ഷയോടെ എൻ.ഡി.എ.

സ്ഥാനാർഥിപ്രഖ്യാപനം വൈകിയതിനാൽ പ്രചാരണരംഗത്ത് വൈകിയെത്തിയെങ്കിലും മൂന്നിടത്തും നില മെച്ചപ്പെടുത്തുമെന്നാണ് എൻ.ഡി.എ. പ്രതീക്ഷ. ബത്തേരിയിൽ സി.കെ. ജാനു സ്ഥാനാർഥിയായതിൽ ബി.ജെ.പി. പ്രവർത്തകർക്കുതന്നെ എതിർപ്പുണ്ടായിരുന്നു. മാനന്തവാടിയിൽ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർഥി പിന്മാറിയതും ക്ഷീണമായി. ബത്തേരിയിൽ 27,920, മാനന്തവാടിയിൽ 16,230, കല്പറ്റയിൽ 12,938 എന്നിങ്ങനെയാണ് 2016-ൽ മുന്നണി നേടിയത്. ബത്തേരിയിലും കല്പറ്റയിലും എൽ.ഡി.എഫും യു.ഡി.എഫും രഹസ്യധാരണയുണ്ടായിരുന്നുവെന്നാണ് ബി.ജെ.പി.യുടെ ആരോപണം. കല്പറ്റയിൽ തിരഞ്ഞെടുപ്പുദിവസം യു.ഡി.എഫും ബത്തേരിയിൽ എൽ.ഡി.എഫും സജീവമല്ലായിരുന്നുവെന്നാണ് അവർ ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രചാരണരംഗത്ത് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. ക്യാമ്പ്.