മുക്കം : സംസ്ഥാനപാതയോരത്തെ മരങ്ങളിൽനിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന വള്ളികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി പാലത്തിനടുത്താണ് അപകട ഭീഷണി ഉയർത്തുന്നരീതിയിൽ റോഡിലേക്ക് വള്ളികൾ തൂങ്ങിക്കിടക്കുന്നത്.

ടിപ്പർലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പോകുമ്പോൾ വള്ളികൾ അവയിൽ കുടുങ്ങി റോഡിലേക്ക് ചായുന്നത് ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞദിവസം തൂങ്ങിക്കിടന്ന വള്ളി ബൈക്ക് യാത്രക്കാരന്റെ തലയ്ക്ക് തട്ടി പരിക്കേറ്റിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരനായ ഷാജു തടപ്പറമ്പിൽ മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ഫയർഫോഴ്സ് ജീവനക്കാരുടെയും ടിപ്പർ തൊഴിലാളികളുടെയും സഹായത്തോടെ അപകടഭീഷണി ഉയർത്തിനിൽക്കുന്ന വള്ളികൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ പാലത്തിന് സമീപം ഇനിയും ഇത്തരത്തിൽ അപകടഭീഷണിയുള്ള വള്ളികൾ ഉണ്ടെന്നും അത് എത്രയുംപെട്ടെന്ന് മുറിച്ചു മാറ്റിയില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.

നേരത്തെ പ്രദേശത്ത് പൈതൃക പാർക്ക് നിർമിക്കാനായി മുക്കം നഗരസഭ ശുചീകരണ പ്രവൃത്തികൾ ഉൾപ്പെടെ നടത്തിയിരുന്നു. എന്നാൽ വീണ്ടും കാടുപിടിച്ചതോടെ അപകടഭീഷണിക്ക് പുറയെ മാലിന്യം തള്ളുന്ന കേന്ദ്രമായി പ്രദേശം മാറുകയും ചെയ്തു.