തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ കഴിഞ്ഞ മൂന്ന് അധ്യയനവർഷത്തിനിടെ ഏറ്റവുംകൂടുതൽ ബിരുദ-പി.ജി. സീറ്റുകൾ അധികമായി നൽകിയത് ഈ അധ്യയനവർഷം. 2020-21 വർഷത്തിൽ വിവിധ ബിരുദ കോഴ്‌സുകൾക്കായി 23,005 സീറ്റും പി.ജി. കോഴ്‌സുകളിൽ 2616 സീറ്റുമാണ് അധികമായി നൽകിയത്.

അഫിലിയേറ്റഡ്‌ കോളേജുകൾക്ക് ഓരോവർഷവും നിശ്ചിത ശതമാനം സീറ്റ് വർധിപ്പിക്കാറുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിനകത്തെ പഠനസൗകര്യം വർധിപ്പിക്കാനുള്ള സർക്കാർ നിർദേശം കണക്കിലെടുത്താണ് അടിസ്ഥാനസൗകര്യങ്ങളുള്ള കോളേജുകളിൽ സിൻഡിക്കേറ്റ് സമിതി പരിശോശന നടത്തി അധികസീറ്റനുവദിച്ചത്.

ബി.എ, ബി.കോം, ബി.എസ്‌സി, ബി.സി.എ, ബി.വോക്, ബി.എം.എം.സി. തുടങ്ങി ബി.പി.ഇ. ഒഴികെയുള്ള എല്ലാ ബിരുദ കോഴ്‌സുകളിലും ഈ വർഷം സീറ്റ് വർധിപ്പിച്ചിട്ടുണ്ട്. ബി.എയ്ക്ക് മാത്രം 7091 സീറ്റുകൾ നൽകി. കാലിക്കറ്റിലെ വിദ്യാർഥികളിൽ നല്ലൊരുശതമാനം പ്രൊഫഷണൽ കോഴ്‌സുകൾക്ക് പുറമെ സാധാരണ ആർട്‌സ് ആൻഡ് സയൻസ് ബിരുദപഠനങ്ങൾക്കും പുതുതലമുറ കോഴ്‌സുകൾക്കുമായി തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കോളേജുകളെയാണ് ആശ്രയിക്കാറുള്ളത്.

ഇത്തവണ കോവിഡിന്റെ രൂക്ഷസാഹചര്യവും ലോക്‌ഡൗൺ പശ്ചാത്തലവുമെല്ലാം പരിഗണിച്ച് വീടിനുപരിസരത്തെ സ്ഥാപനങ്ങൾ കൂടുതൽപേരും തിരഞ്ഞെടുക്കുകയായിരുന്നു. 2019-20 വർഷത്തിൽ 18,617 ബിരുദ സീറ്റുകളും 2036 പി.ജി. സീറ്റുകളും കാലിക്കറ്റിൽ അധികമായി നൽകിയിരുന്നു.