കല്പറ്റ : ജില്ലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകളെ പ്രതിരോധിക്കുന്നതിനുള്ള മാങ്കുളം മോഡൽ വേലിനിർമാണം ആരംഭിച്ചു.

ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ തടയാൻ ഇടുക്കിയിലെ മാങ്കുളത്ത് പരീക്ഷിച്ച് വിജയിച്ച വേലിനിർമാണ രീതിയാണിത്. സൗത്ത് വയനാട് ഡിവിഷനിലെ കല്പറ്റ, ചെതലയം എന്നീ റെയ്ഞ്ചുകളിലാണ് കിഫ്ബിയുടെ സഹായത്തോടെ വേലി നിർമാണം തുടങ്ങിയത്. മേപ്പാടി റെയ്ഞ്ചിൽ ടെൻഡർ നടപടി പൂർത്തിയായിട്ടില്ല. പത്താംമൈലിലെ കുന്നുംപുറത്താണ് മൂന്ന് കിലോമീറ്റർ വേലി നിർമിക്കുന്നത്. 1.60 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 16 എം.എം. ഇരുമ്പ് കേബിൾ ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വേലി കാട്ടാനശല്യം പരിഹരിക്കാൻ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കല്പറ്റ റെയ്ഞ്ചിലെ തരിയോട് എട്ടാം മൈൽ, പത്താംമൈൽ, സേട്ടുക്കുന്ന്, മേൽമുറി, കറു കംതോട്, സുഗന്ധഗിരിയിലെ അംബ, പടിഞ്ഞാറത്തറ കാപ്പിക്കളം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യം കൂടുതലുള്ളത്. മേപ്പാടി റെയ്ഞ്ചിലെ വടുവഞ്ചാൽ, മുണ്ടക്കൈ, തൊള്ളായിരം, ചുളിക്ക, എളമ്പലേരി, ചെമ്പ്ര, കുന്നമ്പറ്റ, ആനപ്പാറ, ചേലോട്, വൈത്തിരി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ നഷ്ടപരിഹാരമായി ലക്ഷക്കണക്കിന് രൂപയാണ് വനം വകുപ്പിന് ഓരോ വർഷവും നൽകേണ്ടിവരുന്നത്. ചുളിക്ക, കുന്നമ്പറ്റ എന്നിവിടങ്ങളിൽ കാട്ടാനകളുടെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിട്ടുമുണ്ട്.

വടുവഞ്ചാൽ വനമേഖലയിൽ നടപ്പാക്കിയ തൂക്കുവേലിയും കാട്ടാനകളെ പ്രതിരോധിക്കാൻ ഏറക്കുറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കല്പറ്റ, മേപ്പാടി റെയ്ഞ്ചുകളിൽ മാത്രം 20,000-ത്തിലധികം ഹെക്ടർ വനഭൂമിയാണുള്ളത്. കല്പറ്റ റെയ്ഞ്ചിൽ 38 കിലോമീറ്റർ ദൂരം സൗരോർജവേലി നിലവിലുണ്ട്. പക്ഷേ, സമയാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഈ പദ്ധതികൊണ്ട് പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ല.