റോഡ് തകർന്നുപനമരം : ഗതാഗതയോഗ്യമല്ലാതെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തിപങ്കിടുന്ന പച്ചിലക്കാട് - പടിക്കംവയൽ റോഡ്. റോഡൊരുക്കിയപ്പോൾ ഓവുചാൽകൂടി നിർമിക്കണമെന്ന ആവശ്യം തള്ളിയതാണ് റോഡ് പാടെ തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

2016-ലാണ് അന്നത്തെ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി അനുവദിച്ച 11 ലക്ഷം രൂപ വിനിയോഗിച്ച് 840 മീറ്ററോളം വരുന്ന റോഡ് നിർമാണം പൂർത്തിയാക്കിയത്. വയൽ പ്രദേശത്ത് മണ്ണിട്ട് നികത്തിയായിരുന്നു ടാറിങ് നടത്തിയത്. എന്നാൽ അധികം വൈകാതെ റോഡ് പൊളിയാൻ തുടങ്ങി.

ഇപ്പോൾ റോഡിൽ പലയിടങ്ങളിലായി ഭീമൻ കുഴികളാണ്. രണ്ടിടങ്ങളിൽ റോഡിലാകെ വലിയ കുഴികൾ രൂപംകൊണ്ട് കാൽനടയ്ക്ക് പോലും പറ്റാത്ത അവസ്ഥയിലാണ്. ചെറിയവാഹനങ്ങളുടെ അടിഭാഗം തട്ടുന്നുമുണ്ട്.

റോഡിന്റെ പകുതിയോളം പനമരം പഞ്ചായത്ത് പരിധിയിലാണ്. ഇപ്പോൾ റോഡ് തകർന്നയിടം കണിയാമ്പറ്റ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. തകർന്ന റോഡ് നന്നാക്കാൻ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും യാതൊരുനടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

വാഹനങ്ങൾ വരുന്നില്ല

നേരത്തെ റോഡ് നിർമിക്കുന്ന വേളയിൽ ഒരു ഭാഗത്ത് ഓവുചാൽ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതാണ്. എന്നാൽ അധികൃതർ ഇതത്ര കാര്യമാക്കിയില്ല. വയൽ പ്രദേശമായ ഇവിടം ഉറവയുണ്ട്. കൂടാതെ റോഡിനോട് ചേർന്നുള്ള കുന്നിൻ പ്രദേശത്ത് നിന്ന് മഴവെള്ളം കുത്തി ഒഴുകാറുമുണ്ട്. ഇതാണ് റോഡിൽ വലിയ കുഴികൾ ഉൾപ്പെടെ രൂപം കൊണ്ട് തകരാൻ ഇടയാക്കിയത്.

രണ്ടുവർഷത്തോളമായി റോഡിലൂടെ യാത്ര ദുസ്സഹമാണ്. കൃഷി ആവശ്യത്തിന് വിളിച്ചാൽപോലും ഇതുവഴി വാഹനങ്ങൾ വരാറില്ലെന്ന് കർഷകർ പറയുന്നു.

പടിക്കം വയൽ, കളത്തിങ്കൽ, നാരോക്കണ്ടി, മണ്ടകക്കുന്ന് തുടങ്ങിയ ആദിവാസി കോളനിക്കാർക്കും സമീപത്തെ 200-ഓളം കുടുംബങ്ങൾക്കും ആശ്രയമാണ്‌ ഇൗ റോഡ്.

പരിഹാരം വേണം

റോഡിന്റെ നിർമാണവേളയിൽതന്നെ ഒരുഭാഗത്ത് ഓവുചാൽ ഒരുക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഗൗനിച്ചില്ല. ഇപ്പോൾ റോഡ് പാടെ തകർന്നു. പല ഭാഗങ്ങളിലായി കുഴികൾ രൂപംകൊണ്ടു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരംകാണണം.

ശ്രീനിവാസൻ പടിക്കംവയൽ

സമരത്തിനിറങ്ങും

റോഡിന്റെ ശോചനീയാവസ്ഥ പഞ്ചായത്ത് അധികൃതരെ പല തവണ അറിയിച്ചെങ്കിലും നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നത്. കാർഷികാവശ്യങ്ങൾക്ക് വാഹനങ്ങൾ എത്താൻ വരെ മടിക്കുകയാണ്. അതിനാൽ ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ കർമസമിതി രൂപവത്കരിച്ച് സമരത്തിനിറങ്ങും.

എ.കെ. അബൂബക്കർ (കർഷകൻ)

നടക്കാൻ പറ്റുന്നില്ല

റോഡ് തകർന്നതോടെ അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രപോലും മുടങ്ങുകയാണ്. നടന്നുപോവാൻ പോലും പറ്റുന്നില്ല. പ്രായമായവരെയാണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത്. ചെളിയും കുഴികളുമായി യാത്ര ദുരിതമാണ്.അടിയന്തരമായി അധികൃതർ വിഷയത്തിൽ ഇടപെട്ട് യാത്രാ ദുരിതം പരിഹരിക്കണം.

അമല അശോക്