മേപ്പാടി : ആർത്തലച്ച് മഴപെയ്യുന്ന ദിവസങ്ങളിൽ കാപ്പംകൊല്ലി ലക്ഷംവീട് കോളനിയിലെ കുടുംബങ്ങൾക്ക് ഇനി പേടികൂടാതെ ഉറങ്ങാം. കാപ്പംകൊല്ലിയിൽ കോഴിക്കോട് - ഊട്ടി അന്തഃസംസ്ഥാന പാതയോട് ചേർന്നുകിടക്കുന്ന കോളനിയിൽ ഇനി മണ്ണിടിയില്ല. സംരക്ഷണഭിത്തിയുടെ നിർമാണം മഴക്കാലത്തിനുമുമ്പ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ ലക്ഷംവീട് കോളനികളിലൊന്നാണിത്. 11 പട്ടികജാതി കുടുംബങ്ങളടക്കം 20 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. പി.എ. മുഹമ്മദ് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ടൗണിലെ തെരുവോരങ്ങളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ ഇവിടെ നാലരസെന്റ് വീതം ഭൂമി അനുവദിച്ചത്.

പാതയോരത്ത് 30 അടിയിലധികം ഉയർന്നുനിൽക്കുന്ന ഒരു മൺതിണ്ടിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി മഴക്കാലത്ത് വൻതോതിൽ മണ്ണിടിയുന്നതിനാൽ ഏതുനിമിഷവും റോഡിലേക്ക് നിലംപൊത്താവുന്ന നിലയിലാണ് പല വീടുകളും നിന്നിരുന്നത്. അതുകൊണ്ടുതന്നെ മഴക്കാലമാകുമ്പോൾ കോളനിയിലെ കുടുംബങ്ങൾ ഭയാശങ്കകളോടെയായിരുന്നു അന്തിയുറങ്ങിയിരുന്നത്. മണ്ണിടിച്ചിൽ കാരണം മഴക്കാലത്ത് ഏതാനും കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതും പതിവായിരുന്നു.

പതിനഞ്ചുവർഷം മുമ്പുവരെ ഒരു വീട്ടിൽ രണ്ടുകുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. മൊത്തം 10 വീടുകളാണുണ്ടായിരുന്നത്. 15 വർഷം മുമ്പാണ് ഗ്രാമപ്പഞ്ചായത്ത് പുതിയ വീടുകൾ അനുവദിച്ചത്. മുകൾഭാഗത്ത് സംരക്ഷണഭിത്തി പണിയാൻ പൊതുമരാമത്ത് വകുപ്പ് നിയമം അനുവദിക്കുന്നില്ലെന്നുപറഞ്ഞ് കോളനിക്കാരുടെ അപേക്ഷകൾ അധികൃതർ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോളനിയിലെ അമ്മമാർ പരാതിയുമായി ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചത്.

കോളനിക്കാരുടെ ദുരവസ്ഥയറിഞ്ഞ് എം.എൽ.എ. ആയിരുന്ന സി.കെ. ശശീന്ദ്രനും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ഇവിടെ സംരക്ഷണഭിത്തി നിർമിക്കാൻ ഒരുകോടി രൂപ അനുവദിക്കുകയായിരുന്നു. അഞ്ചു മാസം മുമ്പ് ആരംഭിച്ച നിർമാണ പ്രവൃത്തി ഏതാണ്ട് പൂർത്തിയാവാറായി. ജൂണിനുമുമ്പ് തന്നെ നിർമാണം പൂർത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.