വെള്ളമുണ്ട : തൊണ്ടർനാട് പഞ്ചായത്തിലെ മക്കിയാടുനിന്ന് ആശ്രമംറോഡിൽ ഒന്നര കിലോമീറ്റർ മുന്നോട്ടുപോയാൽ മേച്ചേരി മലയിലേക്കുള്ള ഇരട്ടക്കയം പാലമായി. ഇവിടെ പാത മുറിയുന്നു. രണ്ടുപ്രളയകാലം താണ്ഡവമാടിയ കാഴ്ചകളാണ് പിന്നെയെല്ലാം. പാലത്തിന്റെ ഒരുഭാഗത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയതിനാൽ പാലത്തിലേക്ക് കയറാൻ താത്കാലിക നടപ്പാലം മാത്രമാണ് ഇപ്പോഴുമുള്ളത്. പിന്നീടങ്ങോട്ട് ഒന്നരക്കിലോമീറ്ററോളം റോഡ് പൂർണമായും പ്രളയംതുടച്ചുമാറ്റി. മലയിൽനിന്ന് കുത്തിയൊഴുകിവന്ന വെള്ളം ഈ റോഡിനെ നടുകെ പിളർത്തിയതോടെ കൂറ്റൻ കല്ലുകളാണ് വഴികളിലത്രയും. ദുർഘടമായ ഈ പാത താണ്ടിയാണ് പിന്നീടിന്നുവരെ മേച്ചരിമലയിലെ അന്തേവാസികളുടെ യാത്ര.

റോഡും പാലവും നന്നാക്കാൻ പ്രളയഫണ്ട് ഇന്നുവരും നാളെവരും എന്ന പ്രതീക്ഷകളിൽ കാലംകഴിഞ്ഞു. വീണ്ടും മറ്റൊരു മഴക്കാലം എത്താറാകുമ്പോൾ രണ്ടു പ്രളയത്തെ ഭീതിയോടെകണ്ട കുടുംബങ്ങളിൽ ആധി നിറയുകയാണ്. പന്ത്രണ്ടോളം കുടുംബങ്ങളാണ് ഈ മലയോരത്ത് ആറു പതിറ്റാണ്ടിലേറെ കാലമായി താമസിച്ചിരുന്നത്. പാലവും റോഡുമെല്ലാം തകർന്നതോടെ ചില കുടുംബങ്ങൾ മറ്റിടങ്ങളിൽ അഭയം തേടിപ്പോയി. ഇപ്പോൾ നാലു കുടുംബങ്ങൾ ഈ മലയോരത്ത് ഒറ്റപ്പെട്ടുകഴിയുകയാണ്. എസ്റ്റേറ്റുകളും തോട്ടങ്ങളും ആദിവാസി കുടുംബങ്ങളുമെല്ലാം ഉപയോഗിച്ചുകൊണ്ടിരുന്ന റോഡും പാലവുമാണ് തകർന്നത്. ഇത്രയധികം റോഡ് നന്നാക്കാൻ വൻ തുക വേണമെന്ന കാരണംപറഞ്ഞാണ് അധികൃതർ ഒഴിഞ്ഞുമാറുന്നത്.

മക്കിയാട് ആശ്രമം അധികൃതരാണ് ഇവിടേക്കുള്ള പാലം വർഷങ്ങൾക്ക് മുമ്പ് സ്വന്തം ചെലവിൽ നിർമിച്ചത്. 2018-ലെ പ്രളയത്തിൽ പാലത്തിന്റെ ഒരുകരയിലെ മണ്ണ് പൂർണമായും കുത്തിയൊലിച്ചു പോവുകയായിരുന്നു. ഇതിനെത്തുടർന്ന് രണ്ട് ലക്ഷത്തോളം രൂപ വകയിരുത്തി തൊണ്ടർനാട് പഞ്ചായത്ത് അപ്രോച്ച് റോഡ് നിർമിച്ചു. അടുത്ത പ്രളയത്തിൽ ഇതെല്ലാം വീണ്ടും കുത്തിയൊഴുകി പോവുകയായിരുന്നു. പാലത്തിന്റെ അക്കരെ ഇരുനൂറു മീറ്ററോളം ടാർചെയ്ത റോഡ് പൂർണമായും നശിച്ചു. ഇതെല്ലാം വീണ്ടെടുക്കുകയെന്നത് വെല്ലുവിളിയായി തുടരുകയാണ്.

 പ്രളയത്തിൽ തകർന്ന ഇരട്ടക്കയം പാലംഇതൊരു റോഡായിരുന്നു മേച്ചേരിമലയിൽനിന്ന്‌ മലവെള്ളം പ്രളയകാലത്ത് വീടിന് സമീപത്തുകൂടി കുത്തിയൊഴുകുന്നു (ഫയൽ ചിത്രം)വീട്ടുമുറ്റത്തും മലവെള്ളം

വീടിന്റെ മുറ്റത്തുകൂടിയാണ് മലവെള്ളം ഒഴുകിപ്പോയത്. ആ മഴക്കാലത്ത് പ്രായമായ മാതാപിതാക്കളെയും അസുഖബാധിതനായ മകനെയുംകൊണ്ട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒന്നുകിൽ വഴിവേണം അല്ലെങ്കിൽ ഞങ്ങളെ ഇവിടെനിന്ന്‌ മാറ്റിപ്പാർപ്പിക്കണം. താമസക്കാർ കുറവും വൻതുക ചെലവും വേണ്ടിവരുമെന്നാണ് പാലവും റോഡും നന്നാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അധികൃതർ പറയുന്നത്. പ്രളയ പുനരധിവാസത്തിൽ ഉൾപ്പെടുത്തി സൗകര്യപ്രദമായ ഒരിടംലഭിച്ചാൽ പോകാൻമനസ്സുണ്ട്. ഇനിയും മഴക്കാലത്ത് മലയിറങ്ങേണ്ടിവരും. ഇത്രയും കാലം അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടങ്ങൾ വെറുതെയിട്ടുപോകാനാവില്ല. ഇപ്പോൾ ഒന്നര കിലോമീറ്ററോളം ദുഷ്കരമായ കയറ്റംകയറിയാണ് വീട്ടിലെത്തുന്നത്. അരിയടക്കം എല്ലാം തലയിൽ ചുമന്ന് മലകയറണം. സ്കൂൾ തുറന്നാൽ കുട്ടികൾക്ക് പോകാനുമെല്ലാം ദുരിതമാണ്.

പുളിവേലിൽ ഷാജി മേച്ചേരിമല ദുരിതം ആവർത്തിക്കരുത്

കൃഷിയിടങ്ങൾ ധാരാളമുള്ള പ്രദേശമാണിത്. ഇവിടെ നിന്ന്‌ എല്ലാം ഉപേക്ഷിച്ച് താമസക്കാരോട് മാറിത്താമസിക്കാൻ പറയാൻ കഴിയില്ല. ഇവർക്ക് നടക്കാനെങ്കിലും ഒരു പാതവേണം. പഞ്ചായത്തിനുമാത്രമായി ഇതിന്‌ വേണ്ടിവരുന്ന തുക കണ്ടെത്താൻ കഴിയില്ല. പാലവും റോഡും പുനർനിർമിക്കാൻ വലിയതുക ആവശ്യമായിവരും. സംസ്ഥാന പ്രളയഫണ്ടിൽനിന്ന്‌ തുക ലഭ്യമാക്കണം. മഴക്കാലം വരുന്നതോടെ ദുരിതങ്ങൾ ഇവിടെ ആവർത്തിക്കപ്പെടും. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചാലും കൃഷിയിടങ്ങളിലേക്കെത്താൻ റോഡും പാലവും വേണം.

എം.ജെ. കുസുമം

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ, തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത്ഉപേക്ഷിക്കാൻ പറ്റുമോ

പ്രളയം തകർത്തതാണ് റോഡും പാലവുമെല്ലാം. വീട്ടുകാർ കുറവാണെന്ന് പറഞ്ഞ് ഉപേക്ഷിക്കാൻ പറ്റുമോ. അഞ്ചു പതിറ്റാണ്ടിനുമുമ്പേ ജനവാസമുള്ള മേഖലയാണിത്. ഏക്കർകണക്കിന് കൃഷിയിടങ്ങളാണ് ഇവിടെയുള്ളത്. ഇവിടേക്കും വഴിവേണം. ഇല്ലെങ്കിൽ സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യമെങ്കിലും ഉണ്ടാകണം.

തങ്കച്ചൻ എഴുങ്ങോട്ടിൽ

പ്രദേശവാസി