കല്പറ്റ : സഹപ്രവർത്തകർക്ക് കോവിഡ് ബാധിച്ച് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടാലും പോലീസ് സേനാംഗങ്ങൾക്ക് ക്വാറന്റീൻ അനുവദിക്കുന്നില്ലെന്ന് ആക്ഷേപം. ജില്ലയിൽ ജനുവരിമുതൽ ഇതുവരെ 89 പോലീസുകാർക്കാണ് കോവിഡ് ബാധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 34 പേർക്ക് കോവിഡ് ബാധിച്ചു. നിലവിൽ 30 ഓളം പേർ രോഗബാധിതരായി ചികിത്സയിലാണ്. എന്നാൽ രോഗബാധിതർ ഉൾപ്പെടെ 40 പേർ മാത്രമാണ് ക്വാറന്റീനിലുള്ളത്.

പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ ക്വാറന്റീനിലാക്കുന്നുണ്ടെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ അതു നടപ്പാകുന്നില്ലെന്നാണ് പോലീസുകാർ ആരോപിക്കുന്നത്. ജില്ലയിലെ പല സ്റ്റേഷനുകളിലും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പോസിറ്റീവായവർക്കൊപ്പം ജോലിയെടുത്ത സഹപ്രവർത്തകർ ഇപ്പോഴും ജോലിയിൽ തുടരുകയാണെന്നും അവർ പറയുന്നു. പോലീസുകാർക്കിടയിൽ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയായതിനാൽ ജോലിയിൽ തുടരാനാണ് ആവശ്യപ്പെടുന്നത്. പല ഉദ്യോഗസ്ഥരും സേനയ്ക്കുള്ളിലും പുറത്തും രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്കയിലാണ്. വാഹനപരിശോധനയ്ക്കുൾപ്പെടെ പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലും പോലീസുകാർക്കിടയിൽ ആശങ്കകളുണ്ട്. എന്നാൽ സേനാംഗങ്ങളെല്ലാം രണ്ടുഘട്ട വാക്സിനേഷൻ പൂർത്തീകരിച്ചതിനാൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.

അധികജോലിയിൽ മടുത്ത് സേനാംഗങ്ങൾ

കഴിഞ്ഞ കോവിഡ്കാലം മുതൽ അവധിയില്ലാതെ അധികച്ചുമതലകളാണ് പോലീസ് സേനയെ തേടിയെത്തുന്നത്. കോവിഡിന്റെ തുടക്കം മുതൽ ലോക്ഡൗണിലും പിന്നീട് ഇളവുകളുള്ള കാലത്തും പ്രതിരോധ ചുമതലകൾ പോലീസിനായിരുന്നു. ഇതിൽ ചെറിയ ഇളവുകൾ വന്നപ്പോഴേക്കും തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിയുമായി. ഇപ്പോൾ കോവിഡ് രണ്ടാം തരംഗത്തിലും പോലീസിന് പിടിപ്പത് പണിയായി. സ്ഥിരം ജോലികൾക്ക് പുറമെയാണിത്. അധികജോലി സേനയിലുണ്ടാക്കിയ മാനസിക സമ്മർദം ചെറുതല്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അവധിയെടുക്കരുതെന്ന് ഉത്തരവും വന്നിരുന്നു. അതിനാൽ രണ്ടുമാസത്തോളമായി സേനാംഗങ്ങൾക്ക് അവധിയെടുക്കാൻ കഴിയുന്നില്ലെന്ന് പോലീസുദ്യോഗസ്ഥർ പറഞ്ഞു. രാത്രി ജോലി കഴിഞ്ഞുള്ള വിശ്രമം മാത്രമാണ് അനുവദിക്കുന്നത്. ഇതിനിടെ കോവിഡ് ഉയർന്നപ്പോൾ ഓരോ സ്റ്റേഷനിലെയും പത്തുശതമാനം പേർക്ക് തുടർച്ചയായി ഏഴുദിവസം അവധി നൽകി റിസർവ് സേനയായി നിലനിലർത്തണമെന്ന് പോലീസ് മേധാവിയുടെ നിർദേശമുണ്ടായിരുന്നു. എന്നാൽ ജില്ലയിൽ അതും നടപ്പാക്കാനായിട്ടില്ല. പോലീസ് സേനാംഗങ്ങളോടും മനുഷ്യത്വപൂർണമായ സമീപനം വേണമെന്നാണ് സേനയ്ക്കുള്ളിൽ നിന്നുയരുന്ന ആവശ്യം.

ഈവർഷം കോവിഡ് ബാധിച്ച പോലീസുകാർ 89നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രോഗംബാധിച്ചവർ 34 ചികിത്സയിലുള്ളവർ 30 ക്വാറന്റീനിലുള്ളവർ (രോഗബാധിതർ ഉൾപ്പെടെ) 40

പ്രതിരോധ കുത്തിവെപ്പ് പൂർണം

ജില്ലയിൽ 99 ശതമാനത്തോളം സേനാംഗങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. ആരോഗ്യപ്രശ്നങ്ങളുള്ളവരും മറ്റു ജില്ലകളിൽ ഔദ്യോഗിക ചുമതലയുമായി പോയവരുമായ ഉദ്യോഗസ്ഥർ മാത്രമാണ് കുത്തിവെപ്പെടുക്കാനുള്ളത്. അതും അടുത്ത ദിവസങ്ങളിൽ പൂർത്തീകരിക്കും. നിലവിൽ കോവിഡ് പോസിറ്റീവാകുന്ന ഉദ്യോഗസ്ഥരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരോടാണ് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. അതു നടപ്പാക്കുന്നുണ്ട്. എന്തെങ്കിലും വീഴ്ചകളുണ്ടെങ്കിൽ അതു പരിശോധിച്ച് പരിഹരിക്കും.

ഡോ. അരവിന്ദ് സുകുമാർ

ജില്ലാ പോലീസ് മേധാവി