പനമരം : ജില്ലാ ലൈബ്രറി വികസനസമിതി സംഘടിപ്പിക്കുന്ന ജില്ലാതല പുസ്തകോത്സവം സാഹിത്യകാരൻ ഒ.കെ. ജോണി ഉദ്ഘാടനംചെയ്തു. പ്രസാധകർ നിലവാരമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും കുടുംബങ്ങളിൽ പുസ്തകംവാങ്ങി വായിക്കാനുള്ള കാമ്പയിൻ ഗ്രന്ഥശാലാസംഘം ഏറ്റെടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ലൈബ്രറി കൗൺസിൽ പുസ്തകമേളകൾ ഒട്ടേറെ പുതിയ എഴുത്തുകാരെയും പ്രസാധകരെയും വളർത്തിക്കൊണ്ടുവരാൻ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പനമരം എരനെല്ലൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ഹൈറ സുൽത്താൻ രചിച്ച ‘മന്ത്രികനായ റംബൾ ടിസ്കിൻ’ എന്ന പുസ്തകം ഏച്ചോം ഗോപി പ്രകാശനംചെയ്തു.

ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും നടക്കുന്ന പുസ്തകോത്സവത്തിൽ മാതൃഭൂമിബുക്സ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബുക്ക് മാർക്ക്, ചിന്ത, പ്രഭാത്, നാഷണൽ ബുക്ക് സ്റ്റാൾ, കറന്റ് ബുക്സ് തുടങ്ങി അമ്പതോളം പ്രസാധകർ പങ്കെടുക്കുണ്ട്. ജില്ലയിലെ ഇരുനൂറിലധികം ഗ്രന്ഥശാലകളാണ് മേളയിൽ പങ്കെടുത്തു പുസ്തകം വാങ്ങുന്നത്.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, സി.എം. സുമേഷ്,

പി.ടി. സുഗതൻ, എം. സദാനന്ദൻ, ആർ. അജയകുമാർ, പി. വാസു എന്നിവർ സംസാരിച്ചു.