താമരശ്ശേരി : കാട്ടുപന്നി ഇടിച്ച ഓട്ടോമറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിക്കെ മരിച്ചയാളുടെ മൃതദേഹവുമായി താമരശ്ശേരി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസിനുമുന്നിൽ കർഷകസംഘടനകളുടെ പ്രതിഷേധം. കൂരാച്ചുണ്ട് എരപ്പാൻതോട് ആലകുന്നത്ത് റഷീദി(45)ന്റെ മൃതദേഹവുമായാണ് ശനിയാഴ്ച വൈകീട്ട് മൂന്നേകാൽമുതൽ നാലുമണിവരെ താമരശ്ശേരി ആർ.എഫ്.ഒ. ഓഫീസിനുമുന്നിൽ പ്രതിഷേധം നടന്നത്. റഷീദിന്റെ ചില ബന്ധുക്കളും ആംബുലൻസിലുണ്ടായിരുന്നു.

കാട്ടുപന്നി ഇടിച്ചല്ല ഓട്ടോ മറിഞ്ഞതെന്ന് വരുത്തിത്തീർക്കാനാണ് വനപാലകർ ശ്രമിക്കുന്നതെന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ തുടർനടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് കർഷകസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

പ്രതിഷേധക്കാർ പതിനഞ്ച് മിനിറ്റോളം കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത ഉപരോധിക്കുകയുംചെയ്തു. തുടർന്ന് പോലീസ് അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ താമരശ്ശേരി താലൂക്ക് തഹസിൽദാർ സി. സുബൈറിന്റെ സാന്നിധ്യത്തിൽ ആർ.എഫ്.ഒ. ഓഫീസിൽ കർഷകസംഘടനാ ഭാരവാഹികൾ ചർച്ചനടത്തുകയും ഡി.എഫ്.ഒ. എം. രാജീവനുമായി ഫോണിൽ ബന്ധപ്പെടുകയുംചെയ്തു.

അപേക്ഷ ലഭിക്കുന്നപക്ഷം അടിയന്തര തുടർനടപടി സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ.യും ആർ.എഫ്.ഒ. എം.കെ. രാജീവ് കുമാറും അറിയിച്ചു.

ഇതേതുടർന്ന് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ച് അപേക്ഷ എഴുതി നൽകുകയും മൃതദേഹംവഹിച്ച ആംബുലൻസുമായി മടങ്ങുകയുമായിരുന്നു. പിന്നീട് എരപ്പാൻതോടിലെ വീട്ടിലെത്തിച്ച റഷീദിന്റെ മൃതദേഹം അത്യോടി മുഹ്‌യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

ഒക്ടോബർ ആറിന് ചെമ്പ്രകുണ്ട ജുമാ മസ്ജിദിനുസമീപം റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് ഓട്ടോമറിഞ്ഞ് ഗുരുതരപരിക്കേറ്റ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന റഷീദ് വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്.

ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം റഷീദിന്റെ മൃതദേഹം ആംബുലൻസിൽ കൂരാച്ചുണ്ടിലേക്ക് കൊണ്ടുപോകുംവഴി ആർ.എഫ്.ഒ. ഓഫീസിന് മുന്നിലേക്ക് എത്തിക്കുകയായിരുന്നു. അല്പനേരത്തേക്ക് പൊതുദർശനവും നടന്നു.

ആംബുലൻസ് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസിനുമുന്നിൽ നിർത്തിയിട്ട് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ പിന്നീട് സംസ്ഥാനപാത ഉപരോധിച്ച് റോഡിൽ കുത്തിയിരുന്നു. അതോടെ ബാലുശ്ശേരി ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തുനിന്നും വരുകയായിരുന്ന യാത്രക്കാർ ഗതാഗതസ്തംഭനത്തിൽ വലഞ്ഞു. ഡിവൈ.എസ്.പി. ടി.കെ. അഷ്‌റഫ്, സി.ഐ. ടി.എ. അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

പ്രതിഷേധസമരത്തിന് വിഫാം ചെയർമാൻ ജോയ് കണ്ണഞ്ചിറ, സെക്രട്ടറി സുമിൻ എസ്. നെടുങ്ങാടൻ, വൈസ് ചെയർമാൻ ബാബു പുതുപ്പറമ്പിൽ, കർഷക കോൺഗ്രസ് ജില്ലാപ്രസിഡന്റ് മാജൂഷ് മാത്യു, രാജു മുണ്ടന്താനം, സെമിലി സുനിൽ, ലീലാമ്മ ജോസ് മംഗലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

നാസർ എസ്റ്റേറ്റ്മുക്ക്, കുഞ്ഞാലി, ജോൺസൺ കക്കയം, കെ.വി. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.