കാട്ടുപന്നിയെന്ന ധാരണയിൽ പറ്റിയ അബദ്ധമാണ് ജയന്റെ മരണത്തിൽ കലാശിച്ചതെന്ന് തെളിവെടുപ്പിലുടനീളം പ്രതികൾ ആവർത്തിക്കുന്നുണ്ടായിരുന്നു. വയലിന് സമീപത്തെ കമുകിൻ തോട്ടത്തിലെ ഏറുമാടത്തിലായിരുന്നു പ്രതികൾ ഉണ്ടായിരുന്നത്. വയലിലെ കലുങ്കിന് സമീപമായിരുന്നു മരിച്ച ജയനും സംഘവും. വയലിൽ ഇളക്കം കണ്ട് കാട്ടുപന്നിയാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തത്. നാലു തിരകളായിരുന്നു നിറച്ചിരുന്നത്. ഇതിൽ ഒരെണ്ണം മരിച്ച ജയന്റെ കഴുത്തിൽ നിന്നും രണ്ടെണ്ണം ഷരുണിന്റെ ശരീരത്തിൽ നിന്നും ലഭിച്ചു. കരച്ചിൽ കേട്ടതോടെയാണ് ചന്ദ്രൻ പരിക്കേറ്റവർക്കടുത്തെത്തിയത്. ലിനീഷ് അടുത്തേക്ക് ചെന്നിരുന്നില്ല. കമുകിൻ തോട്ടത്തിലും കലുങ്കിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ ചന്ദ്രൻ പരിക്കേറ്റവർ എവിടെയാണ് കിടന്നതെന്നതടക്കമുള്ള കാര്യങ്ങൾ കാണിച്ചു കൊടുത്തു.

പ്രതികളുടെ കോളനിക്ക് അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ സമീപത്തെ മുളങ്കൂട്ടത്തിന് ചുവട്ടിൽ ചാക്കിൽ പൊതിഞ്ഞാണ് തോക്ക് കുഴിച്ചിട്ടത്. സമീപത്തെ വാഴയ്ക്ക് ചുവട്ടിൽ കവറിൽ പൊതിഞ്ഞ് വെടിമരുന്നും സൂക്ഷിച്ചിരുന്നു. ഇതെല്ലാം ചന്ദ്രൻ തന്നെയാണ് പോലീസിന് എടുത്ത് നൽകിയത്. പ്രതികൾ തോക്ക് സംഘടിപ്പിച്ചത് എവിടെ നിന്നാണെന്നതിൽ കേന്ദ്രീകരിച്ചായിരിക്കും തുടരന്വേഷണം. തെളിവെടുപ്പിന് ഫൊറൻസിക് വിദഗ്ധരും എത്തിയിരുന്നു.