പിണങ്ങോട് : കല്പറ്റ-വാരാമ്പറ്റ റോഡിൽ കാൽനട യാത്ര ദുസ്സഹമാകുന്നു. കോടഞ്ചേരിക്കുന്ന് മുതൽ പിണങ്ങോട് മുക്ക് വരെയുള്ള ഭാഗത്താണ് റോഡിനിരുവശത്തും മുൾച്ചെടികളുൾപ്പെടെ വളർന്ന് പന്തലിച്ചതാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായത്. വിദ്യാർഥികളടക്കം ദിവസേന നിരവധി കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന റോഡിനിരുവശവും കാട് മൂടിക്കിടക്കുകയാണ്.

എതിർദിശയിൽനിന്നുള്ള വാഹനങ്ങൾ വരുന്നതും കാണാൻ പറ്റാതായിരിക്കുന്നു. വാഹനാപകടങ്ങൾക്കും ഇതു കാരണമാകുന്നുവെന്നാണ് ആരോപണം.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാലുടനെ പ്രശ്നപരിഹാരമുണ്ടായിരുന്നെങ്കിലും ഇപ്പോഴവരും റോഡ് നവീകരണം മറ്റൊരു സർക്കാർ ഏജൻസിക്കാണെന്ന് പറഞ്ഞ് കൈമലർത്തുകയാണ്.

കമ്പളക്കാട്: ടൗണിലെ നടപ്പാതകളും കാടുമൂടി. കമ്പളക്കാട് ബസ് സ്റ്റോപ്പിന് എതിർവശത്തുൾപ്പെടെ കാടുമൂടി നടപ്പാതപോലും കാണാനാവാത്ത അവസ്ഥയാണ്. വിവിധാവശ്യങ്ങൾക്കായി ടൗണിലേക്കും അടുത്തുള്ള മദ്രസ്സയിലേക്കും സ്കൂളിലേക്കും ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്നുപോകുന്ന വഴിയാണ്. പാമ്പുംമറ്റും ഇഴജന്തുക്കളുമുണ്ടാകുമെന്ന ഭീതിയിൽ നടപ്പാത ഒഴിവാക്കി റോഡിലൂടെയാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ നടക്കുന്നത്. വാഹനങ്ങളും വേഗത്തിൽ കടന്നുപോകുന്ന ഇതുവഴി കുട്ടികളെ കൊണ്ടുവിടാൻ രക്ഷിതാക്കൾ വേണമെന്ന അവസ്ഥയാണ്.