പുല്പള്ളി : ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡായ മീനംകൊല്ലിയിൽ കുടുംബത്തിലെ മൂന്നുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ പുല്പള്ളി വീണ്ടും ആശങ്കയിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി വന്ന ദമ്പതിമാർക്കും മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിൽത്തന്നെ കഴിയുന്ന ബന്ധുവിന് നാട്ടിൽ സമ്പർക്കമുണ്ടായതാണ് ആശങ്കയ്ക്കിടയാക്കുന്നത്. കോഴിക്കോട് നിന്നെത്തിയ ദമ്പതിമാരും മകളും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇവരുടെ പരിശോധനാഫലം പോസിറ്റീവായത്.
16 ദിവസത്തോളം തുടർച്ചയായി കൺടെയ്ൻമെന്റ് സോണായിരുന്ന പുല്പള്ളിയെ, ബുധനാഴ്ചയാണ് കൺടെയ്ൻമെന്റ് പരിധിയിൽനിന്ന് ഒഴിവാക്കിയത്.
മീനംകൊല്ലി കൺടെയ്ൻമെന്റ് സോൺ
:പുതിയ കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് മീനംകൊല്ലി വാർഡിനെ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. താഴെയങ്ങാടി മുതൽ ആനപ്പാറ വരെയുള്ള ഭാഗമായിരിക്കും ടൗണിൽ കൺടെയ്ൻമെന്റ് സോൺ പരിധിയിലാകുക. നാലാംവാർഡ് കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റും ഇതിൽ ഉൾപ്പെടും.
എന്നാൽ, ടൗണിലെ ബാങ്ക് ശാഖകളിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ബാങ്ക് അധികൃതർ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം. തിങ്കളാഴ്ച രാവിലെ മുതൽ വൻ തിരക്കാണ് ബാങ്കുകൾക്കുമുമ്പിൽ അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ തിക്കിത്തിരക്കിയായിരുന്നു ബാങ്കിനുമുമ്പിൽ ആളുകൾ വരിനിന്നത്.