വാളാട് : ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നതിനാൽ വാളാട് ആശങ്കയൊഴിയുന്നില്ല. കൂടംകുന്നിൽ തിങ്കളാഴ്ച അഞ്ചുപേരുടെ സ്രവം ആൻറിജൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ നാലുപേർക്ക് പോസിറ്റീവായി. കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ അഞ്ചു പേരെ മാത്രമാണ് കൂടംകുന്നിൽ തിങ്കളാഴ്ച ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവിടെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കായി 63 പേരുടെ സ്രവം ശേഖരിച്ചു.
പരിശോധന തുടങ്ങിയ കഴിഞ്ഞ 27 മുതൽ എല്ലാ ദിവസവും കൂടംകുന്ന് പ്രദേശത്ത് പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര, വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട് രോഗവ്യാപനം നടന്ന കൂടംകുന്നിലാണ് കൂടുതൽ രോഗികളുള്ളത്. പാലോട്ട് പ്രദേശത്തും തിങ്കളാഴ്ച സ്രവപരിശോധന നടന്നു. ഇവിടെ 117 പേരുടെ സ്രവം പരിശോധിച്ചപ്പോൾ എല്ലാം നെഗറ്റീവാണ്. വാളാടിന്റെ സമീപപ്രദേശങ്ങളിലും പട്ടികവർഗ കോളനികളിലും ഇതിനകം സ്രവ പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്. പേര്യയിലും തിങ്കളാഴ്ച സ്രവ പരിശോധന നടന്നു. പുലച്ചിക്കുനി, വെളുന്തോണ്ടി, വയ്യോട് മഠത്തിൽ, കാലിമന്ദം എന്നീ പട്ടികവർഗ കോളനികളിലാണ് ആന്റിജൻ പരിശോധന നടന്നത്. പുലച്ചിക്കുനി കോളനിയിൽ 10 പേർ പോസിറ്റീവാണ്. കഴിഞ്ഞദിവസം ഈ കോളനിയിലുള്ള ഒരു സ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച നാലു കോളനികളിലായി 168 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പ്രദേശത്ത് ചൊവ്വാഴ്ച സ്രവ പരിശോധന തുടരും.
ഊർജിത പ്രവർത്തനങ്ങളുമായി ആരോഗ്യപ്രവർത്തകർ
കോവിഡ് തീവ്രമായി ബാധിച്ച വാളാട് കൂടംകുന്ന് മേഖലയിൽ ഊർജിത പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗം ബാധിച്ചവരുമായി സമ്പർക്കമുള്ളവരെയും സ്രവ പരിശോധനയ്ക്ക് ഇതുവരെ എത്താത്തവരെയും കണ്ടെത്താണ് ശ്രമം. ഇതിനായി ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർചേർന്ന് സംഘങ്ങളായി തിരിഞ്ഞ് വീടുകൾതോറും കയറി വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഈ പ്രദേശത്ത് ഇനിയും സ്രവ പരിശോധനയ്ക്ക് വിധേയമാകാത്തവരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സ്രവ പരിശോധന നടത്തരുതെന്ന പ്രചാരണം ഇവിടെ ചിലർ നടത്തിയിരുന്നു.
തിങ്കളാഴ്ച കൂടംകുന്ന് പ്രദേശത്ത് ആർ.ടി.പി.സി.ആർ. പരിശോധനയാണ് നടന്നത്. കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ചിലർക്ക് ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. അതു കൊണ്ടാണ് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഇങ്ങനെയുള്ളവരെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കിയത്.