കല്പറ്റ : കോവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിമുതൽ ഓഗസ്റ്റ് 10 വരെ സി.ആർ.പി.സി. സെക്ഷൻ 144 (ഒന്ന്), (രണ്ട്), (മൂന്ന്) പ്രകാരം കളക്ടർ ഡോ. അദീല അബ്ദുള്ളയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം കാലാവസ്ഥ കനക്കുന്ന പശ്ചാത്തലത്തിൽ പ്രളയമുന്നൊരുക്ക പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണിത്.
മാനന്തവാടി നഗരസഭയും ആറ് ഗ്രാമപ്പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ ഈ കാലയളവിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.
പൊതുസ്ഥലത്ത് ഒരുസമയത്ത് അഞ്ചിൽകൂടുതൽ ആളുകൾ ഒരുമിച്ചുകൂടൽ
എല്ലാ സാംസ്കാരിക, മത ചടങ്ങുകളും ആഘോഷപരിപാടികളും
എല്ലാ ആരാധനാകേന്ദ്രങ്ങളിലെയും ഒരുമിച്ച്ുചേരലും മത്സരങ്ങളും ടൂർണമെന്റുകളും ഗ്രൗണ്ടിലെ കളികളും
എല്ലാവിധ പ്രകടനങ്ങളും
ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം
വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകൾ (ശവസംസ്കാര ചടങ്ങുകളിൽ പരമാവധി അഞ്ചുപേർക്ക് പങ്കെടുക്കാം).
ഇതുകൂടാതെ കൺടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളെല്ലാം ഇവിടെ ബാധകമായിരിക്കും.
എല്ലാവർക്കും സമ്പർക്കത്തിലൂടെ
ജില്ലയിൽ തിങ്കളാഴ്ച 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ടുപേർ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി.
ഇതിൽ 345 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 374 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 359 പേർ ജില്ലയിലും 15 പേർ ഇതരജില്ലകളിലും ചികിത്സയിൽ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവർ
പടിഞ്ഞാറത്തറ സ്വദേശിയായ ഒരു ആരോഗ്യപ്രവർത്തകനും (26) അദ്ദേഹത്തിന്റെ സമ്പർക്കത്തിലുള്ള കുടുംബാംഗങ്ങളായ അഞ്ച് പേരും (55, 50, 56, 13, 30), മാനന്തവാടി ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്ന തരിയോട് സ്വദേശിനിയായ ആരോഗ്യപ്രവർത്തക (23), കോഴിക്കോട് ജില്ലയിൽ ജോലിചെയ്യുന്ന കണിയാമ്പറ്റ സ്വദേശിനിയായ ആരോഗ്യപ്രവർത്തക (26), മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച പേര്യ സ്വദേശിനി (24), ജൂലായ് 15 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ചുണ്ടേൽ സ്വദേശി (52), മെഡിക്കൽ കോളേജിൽ ചികിത്സതേടിയ പുല്പള്ളി സ്വദേശികളായ മൂന്നുപേർ (37, 25, 15), പിതാവിന്റെ ചികിത്സയ്ക്കുവേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടെനിന്ന പൊഴുതന സ്വദേശി (48), വാളാട് സമ്പർക്കത്തിലുള്ള ഒരുവീട്ടിലെ ഒമ്പതുപേർ ഉൾപ്പെടെ വാളാട് സ്വദേശികളായ 12 പേരും (ആറ്് പുരുഷന്മാരും ആറ്് സ്ത്രീകളും) നാല് കുഞ്ഞോം സ്വദേശികളും (ഒരു കുടുംബത്തിലെ 65, 23, 13, ഒമ്പത് പ്രായക്കാർ), ഒരു എടവക സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വാളാട് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് ആകെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ പേര്യ സ്വദേശിനിക്കും പടിഞ്ഞാറത്തറയിലെ ആരോഗ്യപ്രവർത്തകനും വാളാട് ക്ലസ്റ്ററിൽനിന്ന് സമ്പർക്കമുണ്ടായതായി സൂചനയുണ്ട്.
രോഗമുക്തി നേടിയവർ
കുറുക്കൻമൂല (43, 47), മൂപ്പൈനാട് (37), കുപ്പാടിത്തറ (32), തൊണ്ടർനാട് (25, 49), മാനന്തവാടി (28, രണ്ട്) സ്വദേശികളാണ് രോഗമുക്തി നേടിയത്.
162 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ തിങ്കളാഴ്ച പുതുതായി നിരീക്ഷണത്തിലായത് 162 പേരാണ്. 157 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2869 പേർ. തിങ്കളാഴ്ച വന്ന 32 പേർ ഉൾപ്പെടെ 391 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽനിന്ന് തിങ്കളാഴ്ച 611 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 23,012 സാംപിളുകളിൽ 21,807 പേരുടെ ഫലം ലഭിച്ചു. ഇതിൽ 21,087 നെഗറ്റീവും 720 പോസിറ്റീവുമാണ്.
ചെതലയത്ത് ആന്റിജൻ പരിശോധനയിൽ നാലുപേർക്കുകൂടി കോവിഡ്
സുൽത്താൻബത്തേരി : മലബാർ ട്രേഡിങ് കമ്പനിയുമായി സമ്പർക്കത്തിലുള്ള ചെതലയത്തെ നാലുപേർക്കുകൂടി ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ചെതലയം സ്വദേശിയായ 22-കാരന്റെ അച്ഛനും അമ്മയ്ക്കും രണ്ട് സഹോദരിമാർക്കുമാണ് തിങ്കളാഴ്ച ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയത്. മലബാർ ട്രേഡിങ് കമ്പനിയുടെ സമീപത്തുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് 22-കാരൻ. മലബാർ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായ ചെതലയം സ്വദേശിക്കും മൂന്നു വയസ്സുള്ള മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
കൺടെയ്ൻമെന്റ് സോണുകൾ
:പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തിലെ അഞ്ച് (മുണ്ടക്കുറ്റി), ഏഴ് (കുറുമണി), ഒമ്പത് (അരമ്പറ്റകുന്ന്) എന്നീ വാർഡുകൾകൂടി കൺടെയ്ൻമെന്റ് സോണുകളാക്കി. ഒന്ന്, 16 വാർഡുകൾ കൺടെയ്ൻമെന്റ് പരിധിയിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച എട്ട്, 12, 13 വാർഡുകൾ കൺടെയ്ൻമെൻറായി തുടരും.
പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാംവാർഡ് (മീനംകൊല്ലി) കൺടെയ്ൻമെന്റ് സോണായി നാലാംവാർഡിനെ ഒഴിവാക്കി.