എലത്തൂർ : എലത്തൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.കെ. ശശീന്ദ്രന് തിളക്കമാർന്ന വിജയം. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ്‌ ഗതാഗതമന്ത്രികൂടിയായ എ.കെ. ശശീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. 38497 വോട്ടിനാണ് വിജയം.

സമീപകാല തിരഞ്ഞെടുപ്പുകളിൽ ലഭിച്ച ഭൂരിപക്ഷത്തിൽ വലിയതോതിൽ വർധനയുണ്ടാക്കിയാണ് ശശീന്ദ്രൻ ജയിച്ചുകയറിയത്. 2011-ൽ 14654-ഉം 2016-ൽ 29507-ഉം ആയിരുന്നു ഭൂരിപക്ഷം.

മണ്ഡലത്തിലെ ആകെയുള്ള ആറു പഞ്ചായത്തുകളിലും കോർപ്പറേഷൻ പരിധിയിലെ ആറു ഡിവിഷനുകളിലും ആധിപത്യമുറപ്പിക്കാനായി. യു.ഡി.എഫിന് ആധിപത്യമുള്ള ചേളന്നൂർ പഞ്ചായത്തിലും കോർപ്പറേഷൻ പരിധിയിലെ എലത്തൂർ ഡിവിഷനിലും ശശീന്ദ്രന് മുന്നിലെത്താനായി.

നന്മണ്ട, കക്കോടി, കാക്കൂർ, കുരുവട്ടൂർ, തലക്കുളത്തൂർ, ചേളന്നൂർ പഞ്ചായത്തുകളിലും ചെട്ടികുളം, എരഞ്ഞിക്കൽ, പുത്തൂർ, മൊകവൂർ, പുതിയാപ്പ, എലത്തൂർ ഡിവിഷനുകളിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആകെയുള്ള 203267 വോട്ടർമാരിൽ 158728 പേർ വോട്ടുരേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രന് ലഭിച്ചത് യു.ഡി.എഫിന് ലഭിച്ചതിനെക്കാൾ ഇരട്ടിയോളം വോട്ട്.

83639 വോട്ട് നേടിയാണ് ശശീന്ദ്രൻ വിജയക്കൊടി പാറിച്ചത്. യു. ഡി.എഫ്. സ്ഥാനാർഥി സുൽഫിക്കർ മയൂരിക്ക് ലഭിച്ചത് 45137 വോട്ട് മാത്രം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 67,280 വോട്ടുനേടിയ സ്ഥാനത്താണ് യു.ഡി.എഫിന് ഇത്രയധികം വോട്ടുകുറഞ്ഞത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ

47,330 വോട്ട് മാത്രമാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. വോട്ടുചോർച്ചയെ പ്രതിരോധിക്കുന്നത്.

സ്ഥാനാർഥി നിർണയത്തിലെ തർക്കത്തെത്തുടർന്ന് യു.ഡി.എഫ്. സ്ഥാനാർഥി വൈകി പ്രചാരണം തുടങ്ങിയ മണ്ഡലമാണ് എലത്തൂർ.

കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലംകമ്മിറ്റി ആദ്യഘട്ടത്തിൽ നടത്തിയ പ്രതിഷേധം നേതൃത്വം ഇടപെട്ട് തണുപ്പിച്ചിരുന്നെങ്കിലും തൊലിപ്പുറത്തെ ചികിത്സ ഫലിച്ചില്ലെന്നാണ്

തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. അതേസമയം യു.ഡി.എഫിനെ പിറകിലാക്കി രണ്ടാംസ്ഥാനത്തെത്താനുള്ള ബി.ജെ.പി.യുടെ കരുനീക്കങ്ങളും പാളി. ബി.ജെ.പി. സ്ഥാനാർഥി ടി.പി. ജയചന്ദ്രന് 32010 വോട്ടു ലഭിച്ചു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 2900-ത്തോളം വോട്ടിന്റെ വർധന മാത്രമാണ് ബി.ജെ.പി. സ്ഥാനാർഥിക്ക് നേടാനായത്.