പേരാമ്പ്ര : പേരാമ്പ്ര അസംബ്ലി മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷവുമായി ടി.പി. രാമകൃഷ്ണൻ വിജയസോപാനത്തിൽ. 22,592 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ്. സർക്കാരിലെ എക്സൈസ്, തൊഴിൽമന്ത്രി കൂടിയായ ടി.പി. രാമകൃഷ്ണൻ വിജയിച്ചത്. കഴിഞ്ഞതവണ 4101 വോട്ടായിരുന്നു ടി.പി. രാമകൃഷ്ണന്റെ ഭൂരിപക്ഷം. എം.എൽ.എ. ആയി മൂന്നാംതവണയാണ് പേരാമ്പ്ര മണ്ഡലത്തിൽനിന്ന് ഇദ്ദേഹത്തിന്റെ വിജയം.

ടി.പി. രാമകൃഷ്ണൻ 86,023 വോട്ടുനേടിയപ്പോൾ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായ ഇബ്രാഹീംകുട്ടിക്ക് 63,431 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. വോട്ട് വിഹിത കഴിഞ്ഞ തവണത്തെക്കാൾ 2604 അധികം നേടി 11,165 വോട്ടായി ഉയർത്തിയിട്ടുണ്ട്. സി.എച്ച്. ഇബ്രാഹീംകുട്ടിയുടെ അപരൻ എം. ഇബ്രാഹീംകുട്ടി 915 വോട്ട് നേടി. എസ്.ഡി.പി.ഐ.ക്ക് 1465 വോട്ടും നേടാനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി.പി. രാമകൃഷ്ണൻ 72,359 വോട്ടും കേരള കോൺഗ്രസ് എമ്മിലെ മുഹമ്മദ് ഇഖ്ബാൽ 68,258 വോട്ടും എൻ.ഡി.എ.യുടെ സുകുമാരൻ നായർ 8561 വോട്ടുമാണ് നേടിയത്.

യു.ഡി.എഫിന് കൂടുതൽ വോട്ട് ലഭിക്കുന്ന പഞ്ചായത്തുകളിൽ ഉൾപ്പെടെ മുന്നേറ്റമുണ്ടാക്കാൻ ഇത്തവണ എൽ.ഡി.എഫിനായി. സി.പി.എമ്മിന് മേധാവിത്വമുള്ള പഞ്ചായത്തുകളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ചു. ഇതാണ് മണ്ഡലത്തിലെ ഇതുവരെയുള്ളതിൽവെച്ച് ഉയർന്ന ഭൂരിപക്ഷത്തിന് ജയിക്കാനായത്. 11 റൗണ്ടുകളായി നടന്ന വോട്ടെണ്ണലിന്റെ ആദ്യ രണ്ടുറൗണ്ടുകളിൽ മാത്രമാണ് യു.ഡി.എഫിന് ലീഡ് ചെയ്യാനായത്. പിന്നീടങ്ങോട്ട് ഓരോ റൗണ്ടിലും ടി.പി. രാമകൃഷ്ണൻ ഭൂരിപക്ഷം വർധിപ്പിച്ചു. സി.പി.എമ്മിന് മേധാവിത്വമുള്ള മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളിലെ അവസാന റൗണ്ടുകളിൽ ലീഡ് കുത്തനെ ഉയർത്താനുമായി. 6114 തപാൽവോട്ടുകളിൽ 3332 വോട്ട് എൽ.ഡി.എഫും 1901 വോട്ട് യു.ഡി.എഫും 331 വോട്ട് ബി.ജെ.പി.യും നേടി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടിന്റെ മേൽക്കൈ പഞ്ചായത്തിലെ പത്ത് പഞ്ചായത്തുകളിൽ നിന്നായി എൽ.ഡി.എഫിനുണ്ടായിരുന്നു. അത് ഇരട്ടിയിലധികമായി വർധിപ്പിക്കാനായി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13,204 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിലെ കെ. മുരളീധരന് പേരാമ്പ്ര മണ്ഡലത്തിൽനിന്ന് ലഭിച്ചിരുന്നു. എന്നാൽ, ആ വോട്ടുകളൊന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ നിലനിർത്താൻ യു.ഡി.എഫിനായില്ല. 1980-നുശേഷം ഇടതുപക്ഷത്തിന്റെ കുത്തകയാണ് പേരാമ്പ്ര മണ്ഡലം. കേരള കോൺഗ്രസ് എമ്മാണ് വർഷങ്ങളായി യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കാറുള്ളത്. ഇത്തവണ മുസ്‌ലിംലീഗിന് സീറ്റ് വിട്ടുകൊടുത്തപ്പോൾ വിജയിക്കാമെന്ന യു.ഡി.എഫ്. ക്യാമ്പിലെ പ്രതിക്ഷയും അസ്ഥാനത്താക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.