കല്പറ്റ : നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തുന്ന ദേശീയ സാംപിൾ സർവേകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ എഫ്. മുഹമ്മദ് യാസിർ പറഞ്ഞു. സാംപിൾ യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ വീടുകളിൽ മാത്രമാണ് സർവേ നടക്കുന്നത്. ഇതിൽ ആശങ്കപ്പെടേണ്ടതില്ല.

ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർ ഒന്നിൽ കൂടുതൽ തവണ വീടുകളിൽ സന്ദർശനം നടത്തുന്നതും സാധാരണ നടപടിക്രമമാണ്. ഇത്തരം കാര്യങ്ങൾ ബോധ്യപ്പെടുത്താനായി വിവരശേഖരണത്തിനിടെ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ദേശീയ സാംപിൾ സർവേകൾ നടക്കുന്ന സ്ഥലങ്ങളിൽ വാർഡ് അംഗങ്ങൾ എന്യൂമറേറ്റർമാർക്ക് ആവശ്യമായ സഹായം നൽകണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിർദേശമുണ്ട്. ജില്ലാ ഭരണകൂടവും പഞ്ചായത്തുകളുമായി സഹകരിച്ച് കൂടുതൽ ബോധവത്കരണം നടത്തും. തെക്കൻ സംസ്ഥാനങ്ങളിലെ സർവേ പുരോഗതി വിലയിരുത്താനായി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗം കോവിഡ് പ്രതിസന്ധിക്കിടയിലും സമയബന്ധിതമായി സാംപിൾ സർവേകൾ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിച്ചു. വിവിധ ദേശീയ സാംപിൾ സർവേകളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സംസ്ഥാന സർക്കാരുമായി സഹകരിച്ച് കൂടുതൽ ബോധവത്കരണം നടത്താൻ യോഗം തീരുമാനിച്ചു.

രണ്ടാംഘട്ടം ഏപ്രിൽ മുതൽ

അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ചുള്ള രണ്ടാംഘട്ട സർവേ ഏപ്രിലിലും സാമൂഹിക സാമ്പത്തിക സർവേ അടുത്തഘട്ടം ജൂലായിലും സമയ വിനിയോഗ സർവേ രണ്ടാംഘട്ടം 2022-ലും തുടങ്ങും.

വിവരശേഖരണത്തിനായി ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരോ ഗവ. അംഗീകൃത ഏജൻസി നിയമിക്കുന്ന ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരോ എത്തും. വിവരശേഖരണത്തിനും വിവര പരിശോധനയ്ക്കുമായി എത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച് കൃത്യമായ വിവരം നൽകണമെന്ന് ഡയറക്ടർ പറഞ്ഞു.