വയനാടിന്റെ കാർഷിക, പരിസ്ഥിതി പുനരുജ്ജീവനം എങ്ങനെയാവണമെന്നാണ് ഈ തിരഞ്ഞെടുപ്പിൽ മുഖ്യചർച്ചയാക്കേണ്ടത്. ജില്ലയിലെ മഹാഭൂരിപക്ഷം ജനങ്ങളുടെ വരുമാനമാർഗമായ കൃഷി വലിയ പ്രതിസന്ധി നേരിടുകയാണ്. കാർഷികമേഖലയ്ക്ക്‌ അനുയോജ്യമായ ഇവിടത്തെ പരിസ്ഥിതി തകർന്നതാണ് ഇതിന് വലിയൊരുകാരണം. സ്ഥാനാർഥികളും മുന്നണിനേതാക്കളും മത-സാമുദായിക നേതാക്കളെ സന്ദർശിക്കുന്നതിനുപകരം വയനാടിന്റെ യഥാർഥ നായകന്മാരായ കർഷകരെയും ആദിമനിവാസികളായ ആദിവാസികളുടെ നേതാക്കളെയുമാണ് കാണേണ്ടത്. ഭൂരഹിതരായ ആദിവാസികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയവർക്ക് സ്ഥലം ലഭ്യമാക്കുന്നതും ഈ തിരഞ്ഞെടുപ്പ് ചർച്ചയിലെ മുഖ്യഅജൻഡയാക്കണം. കഴിഞ്ഞ രണ്ടുപ്രളയങ്ങൾക്കുശേഷം സുരക്ഷിതമല്ലാത്ത മേഖലകളിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ പുനരധിവാസവും ചർച്ചയാക്കണം.

എൻ. ബാദുഷ

വയനാട് പ്രകൃതിസംരക്ഷണസമിതി പ്രസിഡന്റ്

നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത ചർച്ചയാവണം

നാളത്തെ വയനാട് ഏതുരീതിയിൽ വികസിക്കണമെന്ന് നിർണയിക്കുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽപദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചാണ് മുന്നണികൾ ഈ തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമായി ഉയർത്തിക്കൊണ്ടുവരേണ്ടത്. വയനാട് ജില്ലയുടെ സമഗ്രമായ വികസനത്തിന് ഈ റെയിൽപദ്ധതി നടപ്പാക്കേണ്ടതുണ്ട്. ബെംഗളൂരു, മൈസൂരു തുടങ്ങിയ വൻനഗരങ്ങളുമായി വയനാടിനെ അടുപ്പിക്കുന്ന ഈ റെയിൽപ്പാത വരുന്നതോടെ ഒട്ടേറെ തൊഴിൽ സാധ്യതകൾ, വ്യവസായ, കാർഷിക മേഖലയിലെ വളർച്ച തുടങ്ങിയവയുണ്ടാകും. മേൽപ്പാലങ്ങളും ജൈവ ഇടനാഴിയും നിർമിച്ച് ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം പിൻവലിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയാക്കണം. വയനാട് ഗവ. മെഡിക്കൽ കോളേജ് എല്ലാവർക്കും എത്തിച്ചേരാൻ സൗകര്യപ്രദമായ വിധത്തിൽ ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഉയർത്തിക്കൊണ്ടുവരണം.

ടി.എം. റഷീദ്

നീലഗിരി-വയനാട് എൻ.എച്ച്. ആൻഡ് റെയിൽവേ കർമസമിതി കൺവീനർ

ചുരം ബദൽറോഡ് ചർച്ചചെയ്യണം

വയനാടിന് പുറംലോകവുമായി ബന്ധപ്പെടാനുള്ള സ്ഥായിയായ മാർഗമായ ചുരം ബദൽറോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചയാക്കണം. എല്ലാ മഴക്കാലങ്ങളിലും ചുരം പാതകളിലെ വാഹനഗതാഗതം തടസ്സപ്പെട്ട് വയനാട് ഒറ്റപ്പെടുന്നത് പതിവാണ്. ഇതിനൊരു പരിഹാരമുണ്ടാക്കണം. ചുരം ബദൽപ്പാതയെന്നത് പ്രഖ്യാപനങ്ങളിൽമാത്രമൊതുങ്ങി നിൽക്കുകയാണ്. ഈവിഷയം ചർച്ചചെയ്ത്, നടപ്പാക്കാൻ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ വരണം. രാത്രിയാത്രാനിരോധന വിഷയത്തിൽ മൂന്ന് മുന്നണികളും ജനങ്ങളോട് മറുപടി പറയേണ്ടിവരും. ആരോഗ്യമേഖലയിൽ പിന്നാക്കംനിൽക്കുന്ന വയനാട്ടുകാർക്ക് ഉപകാരപ്രദമായവിധത്തിൽ ഗവ. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യണം.

കെ.കെ. വാസുദേവൻ

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ്

വയനാടിന്റെ സമഗ്രവികസനം

വയനാടിന്റെ സമഗ്രവികസനമാണ് ആവശ്യം. അതിനുതടസ്സമാവുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാവണം. മുത്തങ്ങയിലെയും ബാവലിയിലെയും രാത്രിയാത്രനിരോധനവിഷയത്തിൽ വർഷങ്ങളായി തുടരുന്ന വിവിധ സർക്കാരുകളുടെയും കോടതിയുടെയും ഇടപെടൽ ചർച്ചചെയ്യണം. വയനാട് ഒറ്റപ്പെട്ടുപോവുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാവണം. ചുരത്തിലെ ഗതാഗതതടസ്സങ്ങൾ പരിഹരിക്കണം. അതോടൊപ്പം ബദൽപ്പാതയെക്കുറിച്ചും ചർച്ചവേണം. കുഞ്ഞോം- വിലങ്ങാട് ചുരമില്ലാപാതയും പൂഴിത്തോട് പാതയും യാഥാർഥ്യമാക്കാൻ നടപടികളുണ്ടാവണം. പരിസ്ഥിതിലോല മേഖലയുടെ കരടുവിജ്ഞാപനം പുനഃപരിശോധിക്കണം. ആ വിഷയം എല്ലാവരും ഗൗരവത്തിലെടുക്കണം. വിനോദസഞ്ചാരമേഖലയുടെയും കാർഷികമേഖലയുടെയും തകർച്ചയുടെ കാരണങ്ങൾ പരിശോധിക്കണം.

കെ. ഉസ്മാൻ

പ്രസിഡന്റ്, മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ

കർഷകരുടെ പ്രശ്നങ്ങൾ

കാർഷികമേഖലയെ ആശ്രയിച്ചുജീവിക്കുന്നവർ കൂടുതലുള്ള ജില്ലയിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ചയാവണം. വന്യമൃ‌ഗശല്യം, ഉത്പന്നങ്ങളുടെ വിലയിടിവ് എന്നിവ കർഷകരെ അലട്ടുന്ന പ്രശ്നങ്ങളാണ്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാവേണ്ട സമയംകഴിഞ്ഞു. കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുണ്ടാവണം. അത്യുത്പാദന ശേഷിയുള്ള വിത്തുകൾ നൽകുക, വിപണികൾ ഉണ്ടാക്കുക ഉത്പന്നങ്ങൾക്ക് തറവില നൽകുക. അതോടൊപ്പം വിധവകൾ, അഗതികൾ എന്നിവരുടെ ജീവിതവും ചർച്ചയാവണം.

സ്വപ്ന ആന്റണി

സാമൂഹികപ്രവർത്തക മാനന്തവാടി

കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും പ്രശ്നങ്ങൾ

ഒട്ടേറെപ്രയാസങ്ങൾ അതിജീവിച്ച് കൃഷിയുമായി മുന്നോട്ടുപോകുന്ന കർഷകരുടെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാവണം. കർഷകരുടെ കടം എഴുതിത്തള്ളണം എന്നല്ല അവരെ കടക്കെണിയിലാക്കുന്ന അവസ്ഥയില്ലാതാവണം. അവരുടെ അധ്വാനത്തിന്, വിയർപ്പിന്, സമയങ്ങൾക്ക്, അർഹതപ്പെട്ട വരുമാനമുണ്ടായാൽ അവർ ഒരിക്കലും കടക്കെണിയിൽ വീഴില്ല. കടക്കെണയിൽ ‍അകപ്പെടാതെ കർഷകരെ സഹായിക്കാനുള്ള പദ്ധതികളാണുണ്ടാവേണ്ടത്. ചെറുകിടകച്ചവടക്കാരുടെ പ്രശ്നങ്ങളും ചർച്ചയാവണം. ഏതുസർക്കാർ മാറിമാറിവന്നാലും ഒരുവിധപരിഗണനയും കിട്ടാത്തത് ചെറുകിടകച്ചവടക്കാർക്കുമാത്രമാണ്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ലോക്ഡൗൺ കാലത്തും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചവരാണവർ. ഒരുസർക്കാരും ഒരുസംഘടനയും ചെറുകിട കച്ചവടക്കാരുടെ ലോണുകൾ എഴുതിത്തള്ളണമെന്ന് പറയാറില്ല. അവർക്കുവേണ്ട സഹായങ്ങൾ നൽകാറുമില്ല. ഇത്തരത്തിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാവണം.

ടി.കെ. ഹാരിസ്

പൊതുപ്രവർത്തകൻ, മാനന്തവാടി

ഗോത്രവിഭാഗക്കാരുടെ ഉന്നമനം

ഗോത്രവിഭാഗങ്ങളുടെ വിദ്യാഭ്യാസ-കലാ-സാംസ്കാരിക-ആരോഗ്യ ഉന്നമനത്തിനായി മാറിമാറി വരുന്ന സർക്കാരുകളുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രമമുണ്ടാവുന്നില്ല. അവരുടെ ജീവിതപ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ചചെയ്യപ്പെടണം. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയണം. ജില്ലയിൽ ഒട്ടേറെ കലാകാരന്മാർ അറിയപ്പെടാതെ, വേണ്ടത്ര വേദികൾ കിട്ടാതെ, ഈ കോവിഡ് കാലത്ത് വളരെ തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇത്തരത്തിൽ കലാ-സാംസ്കാരിക മേഖലകളിൽ അവഗണിക്കപ്പെട്ടവരെ കണ്ടെത്തി അവരെ സഹായിക്കണം.

വർണ പ്രസാദ്

ഗായിക, അധ്യാപിക, തരുവണ

കാർഷികസമൃദ്ധി, സുസ്ഥിരവികസനം

കാർഷികസമൃദ്ധിയിലൂന്നിയ സുസ്ഥിരവികസനം അനിവാര്യമാണ്. വയലും വനവും ജൈവവൈവിധ്യവും സംരക്ഷിച്ചുമാത്രമേ അത് നിലവിൽവരൂ. ആദ്യപടിയെന്നോണം വയനാടിനെ ഒരു ജൈവകാർഷിക മേഖലയായി പ്രഖ്യാപിക്കണം. ഇതിനായുള്ള വിത്ത്, വിളപരിപാലനം, വിപണി എന്നീ മേഖലകളിൽ ഉൗന്നിയ കാർഷികവികസനപദ്ധതികൾ കൊണ്ടുവരണം. പ്രകൃതിയെ നശിപ്പിച്ചുനടക്കുന്ന വികലമായ വികസനസ്വപ്നങ്ങളും മാറണം. ഇത്തരം വിഷയങ്ങൾ ചർച്ചയായാൽമാത്രമേ പിന്നീട് പരിഗണിക്കപ്പെടുകയുള്ളൂ.

രാജേഷ് കൃഷ്ണൻ, ജൈവകർഷകൻ, തൃശ്ശിലേരി

റെയിൽവേ യാഥാർഥ്യമാക്കണം

വയനാട്ടുകാരുടെ ചിരകാലസ്വപ്നമായ റെയിൽവേ യാഥാർഥ്യമാക്കണം. ചുരം ബദൽ റോഡുകൾക്കായി ഇനിയും കാത്തിരിക്കാനാകില്ല. കബനിനദി സംരക്ഷണം, നദിയിലെ ജലം ഉപയോഗിക്കുന്നതിന് സമഗ്രപദ്ധതി ആവിഷ്കരിക്കണം. വയനാടൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികൾ ഉൾക്കൊള്ളിച്ച് വയനാടൻ പാക്കേജ് മെച്ചപ്പെടുത്തണം. വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർമപദ്ധതികൾ നടപ്പാക്കണം. കച്ചവടക്കാർക്കും ചെറുകിട വ്യവസായസ്ഥാപനങ്ങൾക്കും പുതിയ സംരംഭകർക്കും വായ്പകളും സേവനങ്ങളും ലഭ്യമാക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കണം.

വി.കെ. തുളസീദാസ്

ജില്ലാ സെക്രട്ടറി, വ്യാപാരിവ്യവസായി സമിതി