കല്പറ്റ : തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട സുൽത്താൻബത്തേരി ബ്ലോക്കിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. സുൽത്താൻ ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിലെ പരിശീലന പരിപാടിക്ക് ബത്തേരി ബ്ലോക്ക് റിട്ടേണിങ് ഓഫീസർ എം.ടി. ഹരിലാൽ, ബത്തേരി നഗരസഭ റിട്ടേണിങ് ഓഫീസർ ബേസിൽ പോൾ, ബ്ലോക്ക് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കെ.എസ്. സജീഷ് എന്നിവർ നേതൃത്വം നൽകി.
ബത്തേരി ബ്ലോക്കിലെ 152 പോളിങ് സ്റ്റേഷനുകളിലെ 152 പ്രിസൈഡിങ് ഓഫീസർമാരും 152 ഫസ്റ്റ് പോളിങ് ഓഫീസർമാരും 32 റിസർവ് ഓഫീസർമാരും പരിശീലനത്തിൽ പങ്കെടുത്തു. ബത്തേരി നഗരസഭയിൽ 35 പോളിങ് സ്റ്റേഷനുകളിലെ 35 പ്രിസൈഡിങ് ഓഫീസർമാരും 35 ഫസ്റ്റ് പോളിങ് ഓഫീസർമാരും ഏഴു റിസർവ് ഓഫീസർമാരുമാണ് പരിശീലനക്ലാസിൽ പങ്കെടുത്തത്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കേണ്ട രീതി, കോവിഡ് പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പോളിങ്ങുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങൾ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.
സൂക്ഷ്‌മപരിശോധന നടത്തി
ജില്ലാപഞ്ചായത്തിന്റെ മുഴുവൻ ഡിവിഷനുകളിലേക്കുമുള്ള പോസ്റ്റൽ ബാലറ്റ്, ഇ.വി.എം. ലേബൽ, ടെന്റഡ് ബാലറ്റുകൾ എന്നിവ തിരഞ്ഞെടുപ്പിനു മുന്നോടിയായി സൂക്ഷ്മപരിശോധന നടത്തി. ജില്ലാ വരണാധികാരിയായ കളക്ടറുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്.
പരിശീലനം നാളെ
കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിലുള്ളവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്നതിനായി നിയമിച്ച സ്പെഷ്യൽ പോളിങ് ഉദ്യോഗസ്ഥർക്കും സ്പെഷ്യൽ പോളിങ് അസിസ്റ്റന്റുമാർക്കുമുള്ള പരിശീലനം നാലിന് രാവിലെ 10.30 മുതൽ കല്പറ്റ സെയ്ന്റ് ജോസഫ് സ്കൂളിൽ. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് കളക്ടർ അറിയിച്ചു.