അമ്പലവയൽ : പൂക്കളുടെ വർണവിസ്മയമൊരുക്കുന്ന അന്താരാഷ്ട്ര പുഷ്പമേള- പൂപ്പൊലി ഇത്തവണയില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വയനാടിന്റെ പുഷ്പോത്സവം ഒഴിവാക്കുന്നത്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ (ആർ.എ.ആർ.എസ്.) ജനുവരി ഒന്നുമുതൽ പത്തുവരെയാണ് പൂപ്പൊലി നടക്കാറുള്ളത്. എന്നാൽ, പുഷ്പമേളയ്ക്കുളള ഒരുക്കങ്ങളൊന്നും കേന്ദ്രത്തിൽ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ആറുവർഷം ജനപങ്കാളിത്തംകൊണ്ട് വിജയമായ പൂപ്പൊലിയുടെ തീയതികൾ കാർഷിക കലണ്ടറിൽവരെ ഇടംപിടിച്ചിരുന്നു. ഒരു സീസണിൽ മൂന്നുലക്ഷത്തോളം പേരാണ് പൂപ്പൊലി കാണാനെത്തുന്നത്. പുഷ്പമേളയും കാർഷികസെമിനാറുകളും കലാസന്ധ്യയുമൊക്കെയായി വയനാടിന്റെ ഉത്സവമായിരുന്നു പൂപ്പൊലി. കോവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തിലാണ് കോടികൾ വരുമാനമുള്ള മേള വേണ്ടെന്നുവെക്കുന്നത്.
മറ്റ് പുഷ്മമേളകളെ അപേക്ഷിച്ച് പൂപ്പൊലിയുടെ നടത്തിപ്പ് പ്രയാസമേറിയതാണ്. അഞ്ചേക്കറിലധികമുളള പുഷ്പോദ്യാനം തയ്യാറാക്കാൻ ആറുമാസമെങ്കിലും സമയമെടുക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അടുത്തവർഷത്തെ പുഷ്പോത്സവത്തിനുളള ഒരുക്കങ്ങൾ തുടങ്ങും. എന്നാൽ, മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇക്കുറി ഒരു തയ്യാറെടുപ്പും കേന്ദ്രത്തിൽ തുടങ്ങിയിട്ടില്ല. ദിവസവും പതിനായിരങ്ങളെത്തുന്ന മേളയിൽ സാമൂഹികാകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനാവില്ല. കോവിഡ് വരുത്തിവെച്ച നഷ്ടങ്ങൾക്കൊപ്പമാണ് കോടികൾ വരുമാനമുള്ള വലിയ മേളയും വയനാടിന് നഷ്ടമാകുന്നത്.