കോഴിക്കോട് : ഇരുപതാമത് ടോംയാസ് പുരസ്കാരം എം.ടി. വാസുദേവൻനായർക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ്‌ ട്രസ്റ്റി ഡോ. പി.എം. വാരിയർ സമ്മാനിച്ചു. കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടി.യുടെ വീടായ സിതാരയിലായിരുന്നു ചടങ്ങ്.

സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനുമായ വി.എ. കേശവൻ നായരുടെ സ്മരണയ്ക്കായി ടോംയാസ് അഡ്വർടൈസിങ് ഏർപ്പെടുത്തിയതാണ് രണ്ടുലക്ഷം രൂപയും ശില്പവുമടങ്ങിയ ഈ അവാർഡ്. ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി എം.ടി.യെ പൊന്നാടയണിയിച്ചു.

മഹാനായ പത്രപ്രവർത്തകൻ വി.എ. കേശവൻനായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം സ്വീകരിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നുവെന്ന് എം.ടി. പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, പി.ജെ. സ്റ്റൈജു, ടോംയാസ് ആർട്ട് ഡയറക്ടർ സുധീഷ് കെ.എസ്. എന്നിവർ സംസാരിച്ചു.

കോട്ടയ്‌ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ. ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ, ജോയന്റ് ജനറൽ മാനേജർ കോർപ്പറേറ്റ് അഫയേഴ്‌സ് പി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.