: കമ്യൂണിറ്റിഹാളിനു മുമ്പിലെ കുഴിയിൽ വാഹനങ്ങൾ അകപ്പെടുന്നത് പതിവാകുന്നു. പൈപ്പിടാൻ ജലവിതരണ വകുപ്പ് മാസങ്ങൾക്കുമുമ്പ് കുഴിയെടുത്ത ഭാഗമാണ് അപകടക്കെണിയായിരിക്കുന്നത്. നടുറോഡിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ കുഴി തിരിച്ചറിയാതെയാണ് വണ്ടികൾ ഇതിൽവന്നു ചാടുന്നത്.

അമ്പലവയൽ-കാരാപ്പുഴ പാതയിൽ കമ്യൂണിറ്റി ഹാളിന് മുൻവശത്താണ് ഈ അപകടക്കെണി. അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.

രണ്ടുവണ്ടികൾ ഒരുമിച്ചെത്തിയാൽ അരികുനൽകാനിടമില്ല. ഇരുചക്രവാഹനവുമായി ഇതുവഴി വരുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴും. പലതവണ പരാതിപറഞ്ഞ് മടുത്ത പ്രദേശവാസികൾ കുഴിയുടെ മുകളിൽ അപായ സൂചനയ്ക്കായി വലിയ കമ്പുകൾ നാട്ടിയിട്ടുണ്ട്. വലിയ കുഴിയുള്ള ഭാഗത്ത് വെള്ളം കെട്ടിനിൽക്കുകയാണ്.

ഇതുമനസ്സിലാകാതെ തിങ്കളാഴ്ച രാവിലെ ഇതുവഴിവന്ന ഗുഡ്‌സ് ഓട്ടോറിക്ഷ കുഴിയിൽ വീണു.

എട്ടുപത്തുപേർ ചേർന്ന് ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ഓട്ടോ തള്ളിക്കയറ്റിയത്.