പാലക്കാട്‌ : മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതി പോലീസിന്റെ പിടിയിലായി. വയനാട് കാരണി മീനങ്ങാടി തരവിലവീട്ടിൽ എം. ഷാജിയാണ് തമിഴ്നാട്ടിൽനിന്ന്‌ ഹേമാംബികനഗർ പോലീസിന്റെ പിടിയിലായത്.

2006-ലാണ് മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട ഷാജി ശിക്ഷിക്കപ്പെട്ടത്. സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത കേസുകളിൽ പ്രതിയാണ് ഷാജിയെന്ന് പോലീസ് പറഞ്ഞു. ഈ കേസുകളിലാണ് ശിക്ഷ ലഭിച്ചത്. ഒളിവിൽക്കഴിയുന്നതിനിടെ രണ്ടാഴ്ചമുമ്പ് പാലക്കാട്ടെത്തിയ ഷാജി പന്നിയംപാടത്തെ ഒരുവീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചതായും പോലീസ് പറയുന്നു. സംഭവത്തിൽ ഹേമാംബികനഗർ പോലീസ് കേസെടുത്തിരുന്നു.