ഊട്ടി : കേരളത്തിൽ കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ നീലഗിരിയിലേക്ക് മലയാളികൾ വരുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഊട്ടി വിനോദസഞ്ചാരമേഖല പ്രതിസന്ധിയിൽ. ഒരാഴ്ചമുൻപുവരെ ശനി, ഞായർ ദിവസങ്ങൾ ഊട്ടിയിൽ 25,000 സഞ്ചാരികൾ എത്തിയിരുന്നു. മലയാളികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ഊട്ടിയിൽ എത്തിയത് 9,000-ത്തോളം സഞ്ചാരികൾ മാത്രം.

കേരളത്തിൽ കോവിഡ് കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ കഴിഞ്ഞ വ്യാഴാഴ്ചമുതലാണ് കളക്ടർ ഇന്നസെന്റ് ദിവ്യ കർശനനിബന്ധനകൾ പുറപ്പെടുവിച്ചത്. ഇതുപ്രകാരം കേരളത്തിൽനിന്ന്‌ വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ-രജിസ്‌ട്രേഷൻ പാസും കാണിക്കണം. ജില്ലാ അതിർത്തി ചെക്‌പോസ്റ്റുകളായ പാടവയൽ, ദേവാല, നാടുകാണി, നമ്പ്യാർകുന്ന്, ചേരമ്പാടി എന്നിവിടങ്ങളിൽ കർശനപരിശോധനനടത്തി മാത്രമേ കേരളത്തിൽനിന്നുള്ളവരെ കടത്തിവിടുന്നുള്ളൂ.