കല്പറ്റ : രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്റെ ആദ്യദിനം 2136 പേർക്ക് കുത്തിവെപ്പ് നൽകി. 3050 പേർക്ക് നൽകാനായിരുന്നു ലക്ഷ്യം. 24 കേന്ദ്രങ്ങളിലായിരുന്നു കുത്തിവെപ്പ്. 60 വയസ്സുകഴിഞ്ഞ 949 പേർക്കാണ് കുത്തിവെപ്പ് നൽകിയത്. 375 ആരോഗ്യപ്രവർത്തകരും 782 മുൻനിര പ്രവർത്തകരും കുത്തിവെപ്പെടുത്തു.

45-നും 59-നും ഇടയിൽ പ്രായമുള്ള 30 പേരാണ് കുത്തിവെപ്പെടുത്തത്. രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷൻ 60 വയസ്സിനുമുകളിലുള്ള എല്ലാ പൗരന്മാർക്കും 45-നും 59-നും ഇടയിലുള്ള മറ്റു രോഗബാധിതർക്കുമാണ് നൽകുന്നത്. കുത്തിവെപ്പിനായി പേരുവിവരങ്ങൾ രജിസ്റ്റർചെയ്യണം.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾക്കുപുറമേ സ്വകാര്യ ആശുപത്രികളിലും പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സൗകര്യമൊരുക്കും. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. പൊതുജനങ്ങൾക്ക് നേരിട്ട് രജിസ്റ്റർചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് വാക്സിനേഷൻസെന്ററിൽ പോയി രജിസ്റ്റർചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാക്സിനെടുക്കാനായി വാക്സിനേഷൻകേന്ദ്രത്തിൽ പോകുമ്പോൾ ആധാർകാർഡ് കരുതണം. അല്ലെങ്കിൽ മറ്റു അംഗീകൃത ഫോട്ടോപതിപ്പിച്ച തിരിച്ചറിയൽകാർഡ് കരുതണം. 45 വയസ്സുമുതൽ 59 വയസ്സുവരെയുള്ളവരാണെങ്കിൽ ഒരു രജിസ്റ്റർചെയ്ത മെഡിക്കൽ പ്രാക്ടീഷണർ ഒപ്പിട്ട കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് വാക്സിനേഷൻകേന്ദ്രത്തിൽ നൽകണം. കോവിഡ് മുന്നണിപ്പോരാളികൾ അവരുടെ സ്ഥാപനമേധാവിയുടെ കത്ത്, പോളിങ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനന്റെ രേഖ എന്നിവ കൊണ്ടുവരണം.

ഇന്ന് 38 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകും

: ജില്ലയിൽ 38 കേന്ദ്രങ്ങളിൽക്കൂടി വാക്സിനേഷൻ നൽകും. ജനറൽ ആശുപത്രി കല്പറ്റ, സിവിൽ സ്റ്റേഷൻ കല്പറ്റ (പഴശ്ശിഹാൾ), വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മേപ്പാടി, എടവക, ചീരാൽ, വെങ്ങപ്പള്ളി, ബേഗൂർ, അമ്പലവയൽ, അപ്പപ്പാറ, പേരിയ, നൂൽപ്പുഴ, പൊഴുതന, കുറുക്കൻമൂല, പൂതാടി, വെള്ളമുണ്ട, പേര്യ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, തരിയോട്, പുൽപ്പള്ളി, മീനങ്ങാടി, പനമരം, പൊരുന്നന്നൂർ, തരിയോട്, നല്ലൂർനാട് സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, വരദൂർ, കുറുക്കൻമൂല, മുള്ളൻകൊല്ലി, കാപ്പുകുന്ന്, മൂപ്പെനാട്, കോട്ടത്തറ, പടിഞ്ഞാറത്തറ, ചുള്ളിയോട്, ചെതലയം, പാക്കം, തൊണ്ടർനാട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ. ലിറ്റിൽ ഫ്ളവർ സ്കൂൾ മാനന്തവാടി, ഡബ്ല്യു. യു.പി. സ്കൂൾ കുട്ടമംഗലം (മുട്ടിൽ), എച്ച്.ഐ.എം. യു.പി. സ്കൂൾ ചേലോട് (വൈത്തിരി), വാളാട് സബ് സെന്റർ തുടങ്ങിയവയാണ് കേന്ദ്രങ്ങൾ.