കല്പറ്റ : വിവിധരാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വിദേശത്തുനിന്നുവന്നവർ നിർബന്ധമായും ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ്, അടുത്തദിവസം ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്യുകയും വേണം. നെഗറ്റീവ് ആണെങ്കിലും ഏഴ്‌ ദിവസംകൂടി സ്വയംനിരീക്ഷണത്തിൽ കഴിയണമെന്ന് കളക്ടർ പറഞ്ഞു.

തോൽപ്പെട്ടി, മുത്തങ്ങ, ബാവലി എന്നീ അതിർത്തി ചെക്‌പോസ്റ്റുകളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ് 19 പോർട്ടലിൽ രജിസ്റ്റർചെയ്യണം. 72 മണിക്കൂറിനുള്ളിലുള്ളതോ, എയർപോർട്ടിൽനിന്നുള്ളതോ ആയ ആർ ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കണം.

വിദേശത്ത് നിന്നെത്തുന്നവർ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വാർഡ് തല ആർ.ആർ.ടി.കൾ കാര്യക്ഷമമാക്കും. തദ്ദേശസ്ഥാപനങ്ങളിലെ കൺട്രോൾ റൂമുകളിലേക്ക് ആവശ്യത്തിന് ആളുകളെ നിയോഗിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കളക്ടർ നിർദേശം നൽകി. കൺട്രോൾ റൂമുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും മുനിസിപ്പൽ സെക്രട്ടറിമാരെയും നിയോഗിച്ചു.

ചെക്‌പോസ്റ്റുകളിൽ പരിശോധനയ്ക്കായി ഡെപ്യൂട്ടി തഹസിൽദാർ/ ജൂനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥരെ ചാർജ് ഓഫീസർ ചുമതല നൽകി നിയമിക്കും. പരിശോധനയ്ക്ക് പോലീസിനേയും നിയോഗിക്കും. നിലവിൽ ചെക്‌പോസ്റ്റുകളിൽ പരിശോധന ചുമതലയുള്ള വകുപ്പുകളിലെ ജീവനക്കാരുടെ സേവനം തുടരേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

പേർക്കുകൂടി കോവിഡ്

ജില്ലയിൽ ബുധനാഴ്ച 220 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 10.61 ആണ് രോഗസ്ഥിരീകരണ നിരക്ക്. 199 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,617 ആയി. നിലവിൽ 1747 പേരാണ് ചികിത്സയിലുള്ളത്. പുതുതായി നിരീക്ഷണത്തിലായ 871 പേർ ഉൾപ്പെടെ ആകെ 12,389 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 872 സാംപിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു.

രോഗം സ്ഥിരീകരിച്ചവർ

വൈത്തിരി 26, പുല്പള്ളി 21, ബത്തേരി 19, കല്പറ്റ 18, തിരുനെല്ലി 17, തവിഞ്ഞാൽ 16, മാനന്തവാടി 12, മുള്ളൻകൊല്ലി 11, എടവക, നെന്മേനി ഒമ്പതുവീതം, മേപ്പാടി, മുട്ടിൽ എട്ടുവീതം, കണിയാമ്പറ്റ, നൂൽപ്പുഴ, പനമരം ആറുവീതം, പൊഴുതന അഞ്ച്, കോട്ടത്തറ, മീനങ്ങാടി, വെള്ളമുണ്ട നാലുവീതം, അമ്പലവയൽ, പൂതാടി മൂന്നുവീതം, പടിഞ്ഞാറത്തറ രണ്ട്, മൂപ്പൈനാട്, തരിയോട്, തൊണ്ടർനാട് ഒരോരുത്തർ.